രാഹുലിന്റെ പത്രികാ സമര്‍പ്പണം വ്യാഴാഴ്ച ; ബുധനാഴ്ച കോഴിക്കോട്ടെത്തും, കോണ്‍ഗ്രസിന്റെ 'വാര്‍ റൂം' യോഗം നാളെ വയനാട്ടില്‍

എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനാണു പത്രികസമര്‍പ്പണത്തിന്റെ ക്രമീകരണച്ചുമതല
രാഹുലിന്റെ പത്രികാ സമര്‍പ്പണം വ്യാഴാഴ്ച ; ബുധനാഴ്ച കോഴിക്കോട്ടെത്തും, കോണ്‍ഗ്രസിന്റെ 'വാര്‍ റൂം' യോഗം നാളെ വയനാട്ടില്‍

കോഴിക്കോട് : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഏപ്രില്‍ നാലിന് ( വ്യാഴാഴ്ച) വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടെത്തുന്ന രാഹുല്‍ഗാന്ധി നാലിന് രാവിലെ വയനാട്ടിലെത്തും. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനാണു പത്രികസമര്‍പ്പണത്തിന്റെ ക്രമീകരണച്ചുമതല. 

രാഹുലിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ മുന്നൊരുക്കത്തിന് കേന്ദ്രനേതാക്കളെ ഉള്‍പ്പെടുത്തി നാളെ വയനാട്ടില്‍ യോഗം ചേരും. കേരളത്തില്‍ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിനം വ്യാഴാഴ്ചയാണ്. അതേസമയം, സുരക്ഷാ കാര്യങ്ങള്‍ പരിശോധിക്കാന്‍ എസ്പിജി സംഘം ഇന്നു വയനാട്ടിലെത്തും. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാകും വയനാട്ടില്‍ ഒരുക്കുക.

വയനാട്ടിലേക്കുള്ള രാഹുൽ ​ഗാന്ധിയുടെ ആദ്യവരവ് ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ഡല്‍ഹിയിലെ കോൺ​ഗ്രസ് നേതൃത്വം. ദക്ഷിണേന്ത്യയെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്താനാണ് വയനാട്ടില്‍ രാഹുല്‍ മല്‍സരിക്കുന്നതെന്ന പ്രചാരണം കോൺ​ഗ്രസ് ശക്തമാക്കും. ആദിവാസി മേഖലയായ വയനാട് രാഹുലിന്‍റെ ദരിദ്രന്‍റെ നേതാവെന്ന പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുമെന്ന് പാര്‍ട്ടി കരുതുന്നു. 

ഇരുപത് ദിവസത്തില്‍ താഴെ മാത്രമേ രാഹുലിന് വയനാട്ടില്‍ പ്രചാരണത്തിന് സമയം ലഭിക്കൂ. അതിനിടയില്‍ ഒന്നും രണ്ടും ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും രാഹുലിന് എത്തേണ്ടതുണ്ട്. ഇതിനിടെ അമേഠിയിലെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണവും പ്രചാരണ പരിപാടികളുമുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വയനാട്ടില്‍ ക്യാമ്പ് ചെയ്തുള്ള പ്രചാരണത്തിന് എത്ര ദിവസങ്ങള്‍ ലഭിക്കുമെന്ന് വ്യക്തമല്ല. രാഹുലിന് വേണ്ടി സോണിയ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും വയനാട്ടിൽ പ്രചാരണത്തിന് എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com