20 കേസുകളില്‍ പ്രതിയെന്ന് കെ സുരേന്ദ്രന്‍, 243 കേസുകളെന്ന് സര്‍ക്കാര്‍ ; പുതിയ നാമനിര്‍ദേശ പത്രിക നല്‍കും

20 കേസുകളില്‍ പ്രതിയാണെന്നാണ് സുരേന്ദ്രന്‍ നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിട്ടുള്ളത്
20 കേസുകളില്‍ പ്രതിയെന്ന് കെ സുരേന്ദ്രന്‍, 243 കേസുകളെന്ന് സര്‍ക്കാര്‍ ; പുതിയ നാമനിര്‍ദേശ പത്രിക നല്‍കും


കൊച്ചി : പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ സുരേന്ദ്രന്‍ പുതിയ നാമനിര്‍ദേശ പത്രിക നല്‍കും. കൂടുതല്‍ കേസുകളില്‍ സുരേന്ദ്രന്‍ പ്രതിയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് പുതിയ നാമനിര്‍ദേശ പത്രിക നല്‍കുന്നത്. നേരത്തെ സമര്‍പ്പിച്ച പത്രികയില്‍ 20 കേസുകളില്‍ പ്രതിയാണെന്നാണ് കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നത്. 

എന്നാല്‍ കൂടുതല്‍ കേസുകളില്‍ പ്രതിയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 243 കേസുകളില്‍ സുരേന്ദ്രന്‍ പ്രതിയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ തെറ്റായ വിവരം നല്‍കി എന്ന കാരണത്താല്‍ നാമനിര്‍ദേശ പത്രിക തള്ളാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് കെ സുരേന്ദ്രന്‍ വീണ്ടും പുതിയ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്.

കഴിഞ്ഞ ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ ശബരിമല കര്‍മസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ഉണ്ടായ അക്രമങ്ങളുടെ പേരില്‍ പാറശാല മുതല്‍ കാസര്‍കോട് വരെ വിവിധ സ്‌റ്റേഷനുകളിലായാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സുരേന്ദ്രന് പുറമെ, ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കും ബിജെപി നേതാക്കള്‍ക്കും എതിരെ കേസുകളുണ്ട്. 

തൃശൂര്‍ സ്വദേശി ടി എന്‍ മുകുന്ദന്‍ ഹൈക്കോടതിയില്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേസുകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ കേസുകള്‍ സംബന്ധിച്ച് സുരേന്ദ്രന് നോട്ടീസ് ലഭിക്കാതിരുന്നതാണ് നാമനിര്‍ദേശ പത്രികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. 

കേസുകള്‍ സംബന്ധിച്ച വിവരം സുരേന്ദ്രനില്‍ നിന്നും മനഃപൂര്‍വം മറച്ചുവെച്ചുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നോട്ടീസ് കിട്ടിയ മറ്റ് നേതാക്കള്‍ ഹൈക്കോടതിയില്‍ കേസ് നടത്താന്‍ അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com