രാഹുലും പ്രിയങ്കയുമെത്തി,  കരിപ്പൂരിനെ ആവേശക്കടലാക്കി പ്രവര്‍ത്തകര്‍; പത്രികാ സമര്‍പ്പണം നാളെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd April 2019 09:29 PM  |  

Last Updated: 03rd April 2019 09:29 PM  |   A+A-   |  

 

കോഴിക്കോട്:  കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശം വാനോളമുയര്‍ത്തി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കയും കേരളത്തിലെത്തി. ഒന്‍പത് മണിയോടെ കരിപ്പൂര്‍
വിമാനത്താവളത്തിലെത്തിയ ഇരുവര്‍ക്കും വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. 

എട്ടരയോടെ വിമാനത്താവളത്തില്‍ എത്തിയ പ്രിയങ്ക രാഹുല്‍ വരുന്നതിനായി കാത്തിരിക്കുകയായിരുന്നു.  അസമിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുത്ത ശേഷമാണ് രാഹുൽ കോഴിക്കോടേക്ക് എത്തിയത്. കാർ മാർ​ഗം ​ഗസ്റ്റൗസിലെത്തുന്ന ഇരുവരും യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പത്രികാ സമർപ്പണത്തിന് ശേഷം തിരികെ മടങ്ങുന്ന രാഹുൽ ​ഗാന്ധി ഏപ്രിൽ രണ്ടാം വാരം പ്രചാരണത്തിനായി വീണ്ടുമെത്തുമെന്നാണ് റിപ്പോർട്ടുകൾ.
 
ഇരുവരുടെയും സന്ദർശനം കണക്കിലെടുത്ത് കോഴിക്കോട് ​ഗസ്റ്റ് ഹൗസിന്റെ നിയന്ത്രണം എസ്പിജി ഏറ്റെടുത്തിരുന്നു. രാവിലെ ഹെലികോപ്ടർ മാർ​ഗമാവും  കോൺ​ഗ്രസ് അധ്യക്ഷൻ വയനാട്ടിലേക്ക് പോവുക. റോഡ് മാർ​ഗം പോകണമെന്ന് രാഹുൽ താത്പര്യപ്പെട്ടിരുന്നുവെങ്കിലും സുരക്ഷ ബുദ്ധിമുട്ടാണെന്ന് സംരക്ഷണ സേന അറിയിക്കുകയായിരുന്നു.  11 മണിയോടെ കൽപ്പറ്റയിലെ കെഎംജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്ടർ ഇറങ്ങും. പുത്തൂർ വയൽ എ ആർ ക്യാമ്പിലും ബത്തേരിയിലെ സെന്റ് മേരീസ് കോളെജ് ​ഗ്രൗണ്ടിലും രാഹുൽ എത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് ഇവിടെയും താത്കാലിക ഹെലിപാഡ് നിർമ്മിക്കുന്നുണ്ട്.