'എന്റെ വാക്കുകളെ ഭയപ്പെടുന്നു'; 'എന്നെ കൊല്ലാന്‍ പിണറായിയുടെ നിര്‍ദ്ദേശം': ഡിവൈഎസ്പി ഓഫീസില്‍ ശോഭാ സുരേന്ദ്രന്റെ കുത്തിയിരുപ്പ് സമരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th April 2019 02:43 PM  |  

Last Updated: 17th April 2019 02:43 PM  |   A+A-   |  

 


ആറ്റിങ്ങല്‍:  തെരഞ്ഞടുപ്പ് പ്രചാരത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ ഡിവൈഎസ്പി ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. നീതി കിട്ടുന്നതുവരെ കുത്തിയിരിപ്പ് സമരം തുടരുമെന്ന് ശോഭ മാധ്യമങ്ങളോട് പറഞ്ഞു. 

എന്റെ ശബ്ദത്തെ, എന്റെ വാക്കുകളെ എല്‍ഡിഎഫും യുഡിഎഫും ഭയപ്പെടുന്നു. പകലു മുഴുവന്‍ സഖാക്കള്‍ രാത്രിയായാല്‍ ഭീകരവാദികള്‍ അതാണ് ആറ്റിങ്ങല്‍ മണ്ഡലത്തിലെ അവസ്ഥ. ഇവിടെ നീതി നടപ്പിലാക്കേണ്ടവര്‍ നോക്കുകുത്തികളാവുന്നു. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ ആരും തടയുന്നില്ല. തെറിവിളിക്കുന്നില്ല. ഇതിന് അവസാനമുണ്ടാകണമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

എന്നെ കൊല്ലാന്‍ വെട്ടുകത്തിയും ബോംബുമായി വന്ന സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ അറസ്റ്റുചെയ്യാന്‍ പൊലീസ് തയ്യാറാവണം. ഇത്തരം ഗുണ്ടകളെ ഇറക്കിവിട്ട് തന്റെ പ്രവര്‍ത്തനം ഇല്ലായ്മ ചെയ്യാമെന്നാണോ പൊലീസ് വിചാരിക്കന്നത്. പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതാണോ താന്‍ ചെയ്ത കുറ്റം. 22 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിന്റെ അനുഭവ പാരമ്പര്യം തനിക്കുണ്ട്. എന്റെ പ്രവര്‍ത്തനം ഇല്ലാതാക്കാണ് ശ്രമമെങ്കില്‍ പൊലീസിന്റെ കൈയില്‍ തോക്കുണ്ടല്ലോ. അതു ഉപയോച്ച് തന്നെ കൊന്ന് ഇല്ലായ്മ ചെയ്യാന്‍ പറ. എന്നെ കൊല്ലാന്‍ മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദ്ദേശമാണ്. അതുകൊണ്ടാണ് പ്രതിയെ പിടികൂടാത്തതെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎമ്മിന്റെ കിരാത നടപടിക്കെതിരെ ദേശീയ വനിതാവകാശ കമ്മീഷന് പരാതി നല്‍കിയതായും ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.