കുറ്റക്കാരെ ഒഴിവാക്കി; സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു; വിശദീകരണവുമായി സുരേഷ് കല്ലട

കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവം തന്റെ അറിവോടെയല്ലെന്ന് ബസ് ഉടമ സുരേഷ് കല്ലട
കുറ്റക്കാരെ ഒഴിവാക്കി; സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു; വിശദീകരണവുമായി സുരേഷ് കല്ലട

കൊച്ചി: കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവം തന്റെ അറിവോടെയല്ലെന്ന് ബസ് ഉടമ സുരേഷ് കല്ലട. ചോദ്യം ചെയ്യലിനായി ഹാജരായ ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് കല്ലട. സംഭവിക്കാൻ പാടില്ലാത്തതു ഒക്കെ സംഭവിച്ചു പോയെന്നും കുറ്റക്കാരായ ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു. ഇത്തരക്കാരെ വച്ച് പ്രസ്ഥാനം നടത്തിക്കൊണ്ടു പോകാൻ താത്പര്യം ഇല്ലെന്നും സുരേഷ് വ്യക്തമാക്കി.

തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസിലാണ് ബസ് ഉടമ ഹാജരായത്. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് തൃക്കാക്കര അസി. കമ്മീഷണർ സ്റ്റുവർട്ട് കീലർ വ്യക്തമാക്കി. കോൾ രേഖകളടക്കം പരിശോധിക്കുമെന്നും എസിപി പറഞ്ഞു. അ‌തേസമയം സുരേഷ് കല്ലടക്കെതിരെ നിലവിൽ തെളിവില്ല.

ഇന്ന് ഹാജരായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് സുരേഷ് എത്തിയത്. രക്ത സമ്മർദം ഉയർന്നതിനെ തുടർന്ന് ഹാജരാകാൻ ആവില്ലെന്ന് രാവിലെ അറിയിച്ചിരുന്നെങ്കിലും പിന്നീട്  തീരുമാനം മാറ്റുകയായിരുന്നു. ഉയർന്ന രക്ത സമ്മർദ്ദത്തെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് സുരേഷ് കല്ലട പൊലീസിനെ അറിയിച്ചിരുന്നത്. ഇതേ തുടര്‍ന്ന്, ചികിത്സാ രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസിൽ ഹാജരാകാനാണ് സുരേഷിന് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നത്. 

ഇന്നും ഹാജരായില്ലെങ്കിൽ കൂടുതൽ നിയമ നടപടികളിലേക്ക് നീങ്ങാനായിരുന്നു പൊലീസിന്‍റെ ആലോചന. അതേസമയം റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നടപടികളും പൊലീസ് തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com