വിവാ​ദ പ്രസം​ഗം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് ശ്രീധരൻ പിള്ള മറുപടി നൽകിയില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th April 2019 05:31 AM  |  

Last Updated: 27th April 2019 05:31 AM  |   A+A-   |  

image

 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത സ്പർധയുണ്ടാക്കുന്ന രീതിയിൽ പ്രസം​ഗിച്ചെന്ന് ആരോപിച്ചുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരന്‍ പിള്ള മറുപടി നൽകിയില്ല. നോട്ടീസിന് 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണം എന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്. 

മറുപടി ആവശ്യപ്പെട്ടുള്ള കത്ത് വെള്ളിയാഴ്ച രാവിലെയാണ് കിട്ടിയതെന്നും പാർട്ടി കേന്ദ്ര ഘടകവുമായി ഇതേപ്പറ്റി ചർച്ച നടത്തിയിട്ടുണ്ടെന്നും ശ്രീ​ധരൻ പിള്ളി വ്യക്തമാക്കി. ഇന്ന് രാവിലെയോടെ മറുപടി നൽകാനുള്ള സമയം അവസാനിക്കും. നേരത്തെ വര്‍ഗീയ പ്രസംഗം നടത്തിയെന്ന പരാതിയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയും നേരത്തെ ശ്രീധരന്‍ പിള്ളയോട് വിശദീകരണം തേടിയിരുന്നു.

ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ശ്രീധരന്‍ പിള്ള വിവാദ പരാമര്‍ശം നടത്തിയത്. വസ്ത്രം മാറ്റി നോക്കിയാല്‍ മുസ്ലിങ്ങളെ തിരിച്ചറിയാമെന്ന ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശമാണ് വിവാദമായത്. പുല്‍വാമ ആക്രമണത്തിന് മറുപടിയായി വ്യോമസേന ബാലാക്കോട്ട് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നതിനെ കുറിച്ച് പറയുകയായിരുന്നു അദ്ദേഹം.