ചെന്നൈയില്‍ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മൃതദേഹം പാറമടയില്‍ തള്ളി

തമിഴ്‌നാട് സ്വദേശിയായ ശെല്‍വത്തിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അയാളുടെ വീട്ടുകാരാണ് വാടകക്കൊലയാളിയുടെ സഹായത്തോടെ ശബരീനാഥിനെ കൊലപ്പെടുത്തിയത്
ചെന്നൈയില്‍ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മൃതദേഹം പാറമടയില്‍ തള്ളി

ചെന്നൈ; തമിഴ്‌നാട്ടില്‍ ജോലി ചെയ്യുന്ന മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ശ്രീപെരുമ്പുത്തൂരില്‍ സ്വകാര്യകമ്പനിയില്‍ പ്ലംബറായ പാലക്കാട് കൊല്ലങ്കോട് എസ്.വി. സ്ട്രീറ്റിലെ ദുരൈസ്വാമിയുടെ മകന്‍ ശബരിനാഥാണ് (27) കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയായ ശെല്‍വത്തിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അയാളുടെ വീട്ടുകാരാണ് വാടകക്കൊലയാളിയുടെ സഹായത്തോടെ ശബരീനാഥിനെ കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകീട്ട് ആറിന് ജോലികഴിഞ്ഞ് കമ്പനിയില്‍നിന്ന് പുറത്തുവന്ന ശബരിനാഥിനെ ബൈക്കിലെത്തിയ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വടമംഗലത്തെ ജെ.കെ. ക്വാറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

ശബരിനാഥ് താമസിക്കുന്ന മുറിയിലേക്ക് ഈ മാസം 14ന് സഹപ്രവര്‍ത്തകരുള്‍പ്പെടെ നാലുപേര്‍ വന്നിരുന്നു. ഇവര്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുകയും തുടര്‍ന്ന് തര്‍ക്കവും മര്‍ദനവുമുണ്ടായി. നാലുപേരില്‍ ശെല്‍വം എന്നയാള്‍ വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു. സംഭവം നടന്നതിന് അടുത്തദിവസം ശെല്‍വത്തെ അസുഖം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയാള്‍ മരിക്കുകയും ചെയ്തു.

ശെല്‍വത്തിന്റെ മരണത്തിനുകാരണംശബരിനാഥിന്റെ മുറിയില്‍വെച്ചുണ്ടായമര്‍ദനമാണെന്നാരോപിച്ചാണ് കൊലപാതകം നടന്നത്. ശെല്‍വത്തിന്റെ മകനും മരുമകനുംചേര്‍ന്നാണ് ശബരിനാഥിനെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി. ഇതിനിടയില്‍, തന്നെ തട്ടിക്കൊണ്ടുപോകുന്നതായി ശബരിനാഥ് ചെന്നൈയില്‍ ജോലിചെയ്യുന്ന സഹോദരന്‍ വിഷ്ണുനാഥിനെ വിളിച്ചറിയിച്ചു. വിഷ്ണു ശ്രീപെരുമ്പുത്തൂര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ പാറമടയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയുടെ പകുതിഭാഗം ഛേദിച്ചനിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com