രാത്രിയിൽ കുഞ്ഞു കരയും, ഉറങ്ങാൻ സമ്മതിക്കില്ല; ഒന്നര വയസുകാരിയെ അമ്മ കൊലപ്പെടുത്തിയത് സ്വൈര്യജീവിതത്തിന് തടസമായപ്പോൾ

കുഞ്ഞിനെ വായും മൂക്കും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചാണു കൊന്നതെന്നും അമ്മ പൊലീസിന് മൊഴി നൽകി
രാത്രിയിൽ കുഞ്ഞു കരയും, ഉറങ്ങാൻ സമ്മതിക്കില്ല; ഒന്നര വയസുകാരിയെ അമ്മ കൊലപ്പെടുത്തിയത് സ്വൈര്യജീവിതത്തിന് തടസമായപ്പോൾ

ചേർത്തല; തന്റെ സ്വൈര്യജീവിതത്തിന് തടസമായതിനാലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അമ്മയുടെ മൊഴി. രാത്രിയിൽ കുഞ്ഞ് ഉണർന്ന് കരയുന്നതിനാൽ തനിക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് അമ്മ ആതിര പറയുന്നത്. കുഞ്ഞിനെ വായും മൂക്കും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചാണു കൊന്നതെന്നും അമ്മ പൊലീസിന് മൊഴി നൽകി. 

ആലപ്പുഴ പട്ടണക്കാട് സ്വദേശികളായ ഷാരോൺ–ആതിര ദമ്പതികളുടെ 15 മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മയാണ് കൊല നടത്തിയത് എന്ന് കണ്ടെത്തിയത്. 

കൊലപാതകം നടന്ന ദിവസം ഉറക്കാൻ കിടത്തിയെങ്കിലും കുഞ്ഞ് ഉറങ്ങാതെ കരഞ്ഞതിനാൽ കുഞ്ഞിനെ അടിച്ചു. വീണ്ടും കരഞ്ഞതോടെ കുഞ്ഞിന്റെ വായും മൂക്കും വലതുകൈ കൊണ്ടു പൊത്തിപ്പിടിച്ചു. ഇടതു കൈകൊണ്ട് കുഞ്ഞിന്റെ കൈകൾ അമർത്തിപ്പിടിച്ചു. കുഞ്ഞ് കാലിട്ടടിച്ചപ്പോഴും പിടിവിട്ടില്ല. കുഞ്ഞിന്റെ ചലനം നിലച്ച ശേഷമാണ് മുറിക്കു പുറത്തേക്കിറങ്ങിയത്. കൊല്ലുകയെന്ന ലക്ഷ്യം തന്നെയാണ് ആതിരയ്ക്ക് ഉണ്ടായിരുന്നതെന്നും മരണം ഉറപ്പിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചതെന്നുമാണു പൊലീസിന്റെ വിലയിരുത്തൽ.

കുഞ്ഞിനു മുലപ്പാൽ നൽകാറുണ്ടെന്ന ആതിരയുടെ വാക്കുകൾ പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. കുഞ്ഞ് രാത്രി ഉണരുമ്പോൾ ആതിരയുടെ ഉറക്കം നഷ്ടമാകുന്നത‍ുൾപ്പെടെ സ്വൈരജീവിതത്തിനു തടസ്സമാണെന്ന വിശ്വാസത്തിൽ കുഞ്ഞിനോടു ദേഷ്യം വച്ചുപുലർത്തി പതിവായി ഉപദ്രവിക്കുമായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് മാസം പ്രായമുള്ളപ്പോൾ പോലും കുഞ്ഞിനെ ആതിര ഉപദ്രവിച്ചിരുന്നു എന്നാണ് മുത്തശ്ശി പറയുന്നത്. 

വൈദ്യപരിശോധനയ്ക്കു ശേഷം മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ആതിരയെ റിമാൻഡ് ചെയ്തു. ആതിരയ്ക്കെതിരെ ജനങ്ങളുടെ പ്രതിഷേധമുള്ളതിനാൽ തെളിവെടുപ്പും തുറന്ന കോടതിയിൽ ഹാജരാക്കലും പൊലീസ് ഒഴിവാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com