അബ്ദുളളക്കുട്ടിക്ക് പിന്നാലെ കാലിക്കറ്റ് മുന്‍ വിസിയും ബിജെപിയിലേക്ക്; അബ്ദുള്‍ സലാമിന്റെ കൂടുമാറ്റത്തില്‍ ഞെട്ടി യുഡിഎഫ് 

അബ്ദുളളക്കുട്ടിക്ക് പിന്നാലെ കാലിക്കറ്റ് മുന്‍ വിസിയും ബിജെപിയിലേക്ക്; അബ്ദുള്‍ സലാമിന്റെ കൂടുമാറ്റത്തില്‍ ഞെട്ടി യുഡിഎഫ് 

കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ എം അബ്ദുള്‍ സലാം ബിജെപിയിലേക്ക്

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ എം അബ്ദുള്‍ സലാം ബിജെപിയിലേക്ക്. സലാമിന് പുറമെ മുസ്ലീംലീഗിന്റെ നേതാവായിരുന്ന സെയ്ത് ഉമ്മര്‍ ബാഫഖി തങ്ങളുടെ ചെറുമകന്‍ സെയ്ത് താഹാ ബാഫഖി തങ്ങള്‍, മന:ശാസ്ത്രജ്ഞനായ ഡോ. യാഹ്യാഖാന്‍ എന്നിവര്‍ക്കൊപ്പമാണ് അബ്ദുള്‍ സലാമും ബിജപിയില്‍ ചേരുന്നത്.  ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ന്യൂനപക്ഷ, ദളിത് വിഭാഗത്തില്‍പെട്ടവരുള്‍പ്പെടെ പുതുതായി അഞ്ചുലക്ഷം പേരാണ് ബിജെപിയില്‍ അംഗങ്ങളാവാനായി എത്തിയതെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

2011-15 കാലത്ത് യുഡിഎഫ് നോമിനിയായാണ് അബ്ദുള്‍ സലാം കാലിക്കറ്റ് വൈസ് ചാന്‍സിലറാവുന്നത്. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമരങ്ങളും വിവാദങ്ങളും അരങ്ങേറിയത് ഈ നാല് വര്‍ഷത്തിനിടെയായിരുന്നു. വിദ്യാര്‍ഥി, അധ്യാപക, സര്‍വീസ് സംഘടനകള്‍ വിവിധ വിഷയങ്ങളില്‍ വിസിക്കെതിരെ സമരവുമായി എത്തിയിരുന്നു.

നിയമന വിവാദവും ഭൂമി വിവാദവും ഉള്‍പ്പടെ നിരവധി വിവാദങ്ങളും ഇക്കാലയളവിലുണ്ടായി. അക്കാലത്ത് അബ്ദുള്‍ സലാമിന്റെ പേരിലുണ്ടായ വിജിലന്‍സ് കേസുകളില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. അബ്ദുള്‍ സലാം വൈസ് ചാന്‍സിലറായിരിക്കെ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടി യൂണിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സില്‍ നടത്തിയതും വിവാദമായിരുന്നു.  

പ്രതീക്ഷയ്ക്കപ്പുറം ജനപങ്കാളിത്തം സാധ്യമായതിനാല്‍ സംഘടനാതെരഞ്ഞെടുപ്പിനും ഉടന്‍ തീരുമാനമുണ്ടാവുമെന്നും ശ്രീധരന്‍പിളള പറഞ്ഞു.15 ലക്ഷമാണ് ഇപ്പോഴുള്ള അംഗത്വസംഖ്യ. 35 ലക്ഷം അംഗങ്ങളെ പാര്‍ട്ടിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ജനുവരി 31 വരെ ഇതിനായി സമയമുണ്ടെന്നും ശ്രീധരന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആഴ്ചകള്‍ക്ക് മുന്‍പാണ് കോണ്‍ഗ്രസിലായിരുന്ന എ പി അബ്ദുളളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. ന്യൂനപക്ഷങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ ബിജെപിയില്‍ എത്തുമെന്ന് അബ്ദുളളക്കുട്ടി അന്ന് വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com