പുഞ്ചക്കൊല്ലി വനത്തില്‍ 250ലധികം ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നു; പുറത്തേക്ക് കടക്കാനുള്ള പാലം ഒഴുകിപ്പോയി

പുഞ്ചക്കൊല്ലിയെ വഴിക്കടവുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഒഴുകിപ്പോയത്. 
പുഞ്ചക്കൊല്ലി വനത്തില്‍ 250ലധികം ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നു; പുറത്തേക്ക് കടക്കാനുള്ള പാലം ഒഴുകിപ്പോയി

മലപ്പുറം: മലപ്പുറത്ത് വഴിക്കടവിലെ പുഞ്ചക്കൊല്ലി വനത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 250ലേറെ ആളുകള്‍ ഒറ്റപ്പെട്ടനിലയില്‍. പുഞ്ചക്കൊല്ലി, അളയ്ക്കല്‍ കോളനികളിലായുള്ള കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ടവരാണ് പ്രളയത്തില്‍ പുറംലോകവുമായി ബന്ധമില്ലാത്തവിധം കുടുങ്ങിയത്. അതേസമയം, രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും ഇവര്‍ ക്യാമ്പിലേക്ക് മാറാന്‍ തയ്യാറാകാത്ത സ്ഥിതിയാണ്. 

വനത്തില്‍ ഇവര്‍ താമസിക്കുന്ന കോളനിയിലേക്കുള്ള പാലം ഒലിച്ചുപോയ നിലയിലാണ്. പുഞ്ചക്കൊല്ലിയെ വഴിക്കടവുമായി ബന്ധിപ്പിക്കുന്ന പാലമായിരുന്നു ഇത്. ഇതോടെ വനത്തിനുള്ളിലെ കോളനികളിലെ 102 കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. മഴ കനക്കുന്നതിന് മുന്‍പ് തന്നെ ഉദ്യോഗസ്ഥര്‍ കോളനിയിലെത്തി ഇവരോട് മാറാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ മാറാന്‍ കൂട്ടാക്കിയിരുന്നില്ല എന്നാണ് വിവരം.

കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെടുന്ന ആദിവാസികളായ ഇവര്‍ പുറം ലോകവുമായി അധികം ബന്ധപ്പെടാത്തവരാണ്. അരിയും പയറും വാങ്ങുന്നതടക്കമുള്ള അത്യാവശ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇവര്‍ പുറത്തിറങ്ങാറുള്ളത്. കനത്ത മഴയില്‍ തോട് പുഴ പോലെ ഒഴുകാന്‍ തുടങ്ങുകയും പാലം തകരുകയും ചെയ്തതോടെ ഇവര്‍ക്ക് പുറത്തേക്ക് വരാന്‍ പറ്റാതായി. 

വടം കെട്ടി ഇവരെ പുറത്തെത്തിക്കാനടക്കം അഗ്‌നിശമനസേനാംഗങ്ങളും ദുരന്തനിവാരണ സേനയും തയ്യാറാണെങ്കിലും ആദിവാസികള്‍ അതിന് തയാറല്ല. ഇപ്പോള്‍ ഭക്ഷണ സാധനങ്ങള്‍  കയറു കെട്ടി കോളനിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 

എന്നാല്‍ മഴ കൂടുതല്‍ ശക്തമാവുകയോ തോട് ഗതിമാറി ഒഴുകുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ബലം പ്രയോഗിച്ചിട്ടായാലും ഇവരെ വനത്തില്‍ നിന്ന് മാറ്റുവാനാണ് തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com