ശ്രീറാമിന്റെ രക്ത പരിശോധനയില്‍ വിചിത്ര വാദവുമായി പൊലീസ്; പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകി; ക്രൈം നമ്പറില്ലാത്തതിനാല്‍ ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ല

ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച്  മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ വിചിത്രവാദവുമായി പൊലീസ്
ശ്രീറാമിന്റെ രക്ത പരിശോധനയില്‍ വിചിത്ര വാദവുമായി പൊലീസ്; പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകി; ക്രൈം നമ്പറില്ലാത്തതിനാല്‍ ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ല

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച്  മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ വിചിത്രവാദവുമായി പൊലീസ്. പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ താമസിച്ചതെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഷീന്‍ തറയില്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സിറാജ് പത്രത്തിന്റെ മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി നല്‍കിയ ഹര്‍ജി തളളണമെന്നാവശ്യപ്പെട്ടാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ബഷീര്‍ മരിച്ച ശേഷം സിറാജ് പത്രത്തിന്റെ മാനേജറുടെ മൊഴി വൈകിയതാണ് രക്ത പരിശോധന താമസിക്കാന്‍ കാരണമെന്ന പുതിയ ന്യായീകരണമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് നടത്തിയ അട്ടിമറികള്‍ മറച്ചുവയ്ക്കുന്നതാണ് പ്രത്യേക സംഘത്തിന്റെ പുതിയ റിപ്പോര്‍ട്ട്. 

സെയ്ഫുദ്ദീന്‍ ഹാജി ആദ്യം മൊഴി നല്‍കാനായി തയ്യാറായില്ലെന്നും വഫ ഫിറോസിന്റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നല്‍കൂ എന്ന് പറഞ്ഞുവെന്നും പിന്നീട് സെയ്ഫുദ്ദീന്‍ ഹാജി മൊഴി നല്‍കിയ ശേഷം മാത്രമേ ശ്രീറാമിന്റെ രക്തമെടുക്കാന്‍ കഴിഞ്ഞുള്ളൂ. പലകുറി ജനറല്‍ ആശുപത്രിയിലെ ഡോക്ടറോട് രക്തം എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കേസില്ലാത്തതിനാല്‍ ഡോക്ടര്‍ ഇതിന് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

അപകട മരണമുണ്ടായാല്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിക്രമങ്ങളുമായി പൊലീസിന് മുന്നോട്ട് പോകാം. അങ്ങനെയുള്ളപ്പോഴാണ് പൊലീസിന്റെ ഈ വിചിത്ര വാദം. 

കേസിന്റ പ്രാഥമിക അന്വേഷണത്തില്‍ മ്യൂസിയം പൊലീസിന് വളരെ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ഇതേ തുടര്‍ന്ന് മ്യൂസിയം എസ്‌ഐ ജയപ്രകാശിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. രക്ത പരിശോധന നടത്തുന്നതിലും എഎഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും കാലതാമസമുണ്ടായെന്നും സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതില്‍ വീഴ്ചയുണ്ടായെന്നുമായിരന്നു വിമര്‍ശനം. ഈ കാര്യങ്ങളെല്ലാം ന്യായീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ശ്രീറാമിനെ സ്വകാര്യ ആശുപത്രിലേക്ക് വിട്ടയച്ചതൊഴിച്ചാല്‍ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസിന് ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന നിഗമനത്തിലേക്കാണ് പ്രത്യേക സംഘവും നീങ്ങുന്നത്. 

മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. വൈദ്യ പരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു. ശ്രീറാം മദ്യപിച്ചതായി സാക്ഷി മൊഴി മാത്രമാണുള്ളത്, രേഖകളുടെ തെളിവില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com