കവളപ്പാറയില്‍ മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി ; പുത്തുമലയില്‍ കാണാതായ ഒരാളുടെ മൃതദേഹം സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം

അത്യാധുനിക ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്
കവളപ്പാറയില്‍ മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി ; പുത്തുമലയില്‍ കാണാതായ ഒരാളുടെ മൃതദേഹം സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം

മലപ്പുറം : ഉരുല്‍ പൊട്ടലുണ്ടായ കവളപ്പാറയില്‍ നിന്ന് ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ കവളപ്പാറ ദുരന്തത്തില്‍ മരണം 43 ആയി. ഇനി 16 പേരെ കൂടി കണ്ടെത്താനുണ്ട്. കവളപ്പാറയില്‍ ഭൂഗര്‍ഭ റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുകയാണ്.

അത്യാധുനിക ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. ഹൈദരാബാദില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാര്‍ സംവിധാനം കരിപ്പൂരില്‍ എത്തിച്ചത്. ദുരന്തമേഖലയിലെ ചതുപ്പ് നിറഞ്ഞ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നില്ല. 

കവളപ്പാറയില്‍ സൈനികന്റേതടക്കം രണ്ട് മൃതദേഹങ്ങളാണ് ശനിയാഴ്ച കണ്ടെത്തിയത്. കാണാതായ സൈനികന്‍ വിഷ്ണു എസ് വിജയന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയോടെയാണ് ലഭിച്ചത്. സഹോദരിയുടെ വിവാഹ ചടങ്ങുകള്‍ക്കായി ഉരുള്‍പൊട്ടല്‍ ഉണ്ടായതിന്റെ രണ്ട് ദിവസം മുമ്പാണ് വിഷ്ണു നാട്ടിലെത്തിയത്. ഇദ്ദേഹത്തിന്റെ അച്ഛന്റെ മൃതദേഹം കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. 

ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ പുത്തുമലയില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. അപകടം നടന്നതിന്റെ ഒന്നര കിലോമീറ്റര്‍ അകലെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയിടുക്കില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇനി ആറുപേരെ കൂടി പുത്തുമലയില്‍ കണ്ടെത്താനുണ്ട്. വൈകീട്ടോടെ തിരച്ചിലിനായി ഭൂഗര്‍ഭ റഡാര്‍ സംവിധാനം പുത്തുമലയിലും എത്തിച്ചേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com