വാടകയ്‌ക്കെടുത്ത കാറിനെ ചൊല്ലി തര്‍ക്കം, മാഞ്ഞാലിയില്‍ യുവാവിനെ കുത്തിക്കൊന്നു

മാളയിലെ ഒരാളില്‍ നിന്നും റിയാസ് വാടകയ്ക്ക് എടുത്ത കാര്‍ കൃത്യസമയത്ത് തിരികെ നല്‍കിയില്ല. റിയാസ് അറിയാതെ ഈ കാര്‍ മുബാറക്ക് കാറിന്റെ ഉടമസ്ഥന് തിരികെ നല്‍കിയതാണ് പ്രകോപനമായത്‌
വാടകയ്‌ക്കെടുത്ത കാറിനെ ചൊല്ലി തര്‍ക്കം, മാഞ്ഞാലിയില്‍ യുവാവിനെ കുത്തിക്കൊന്നു

പറവൂര്‍: മാഞ്ഞാലിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കാര്‍ വാടകയ്‌ക്കെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. വെടിമറ കാഞ്ഞിരപ്പറമ്പില്‍ പരേതനായ ബദറുദീന്റേയും മുംതാസിന്റെയും മകന്‍ മുബാറക്ക്(24) ആണ് കൊല്ലപ്പെട്ടത്. 

സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ ളിവിലാണ്. തെക്കേത്താഴം തോപ്പില്‍ റംഷാദ്(24), മാവിന്‍ചുവട് കണ്ടാരത്ത് അഹമ്മദ്(35), ചെറുപറമ്പില്‍ സാലി(21), വലിയ വീട്ടില്‍ റിയാസ്(35) എന്നിവര്‍ക്കെതിരേയും, മറ്റ് കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരേയുമാണ് കേസെടുത്തത്. 

ഞായറാഴ്ച രാത്രി 9.30ടെയായിരുന്നു കൊലപാതകം. മാഞ്ഞാലി എയര്‍പോര്‍ട്ട് റോഡില്‍ മാവിന്‍ചുവട് മസ്ജിദിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍വെച്ചായിരുന്നു മുബാറക്കിനെ കൊലപ്പെടുത്തിയത്. മാളയിലെ ഒരാളില്‍ നിന്നും റിയാസ് വാടകയ്ക്ക് എടുത്ത കാര്‍ കൃത്യസമയത്ത് തിരികെ നല്‍കിയില്ല. റിയാസ് അറിയാതെ ഈ കാര്‍ മുബാറക്ക് കാറിന്റെ ഉടമസ്ഥന് തിരികെ നല്‍കിയതാണ് പ്രകോപനമായതെന്ന് പൊലീസ് പറയുന്നു. 

ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പറഞ്ഞു തീര്‍ക്കാന്‍ മുബാറക്കിലെ മാവിന്‍ചുവടിലേക്ക് വിളിച്ചുവരുത്തി. ഇവിടെ വെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും മുബാറക്കിനെ കുത്തികൊലപ്പെടുത്തുകയുമായിരുന്നു. മുബാറക്കിന്റെ നെഞ്ചിലും വയറിലുമാണ് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്നവര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മുബാറക്കിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് പെരുമ്പാവൂരിലെ ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്നതിന് പിന്നാലെ വെടിമറ, മാഞ്ഞാലി, മാവിന്‍ചുവട് മേഖലകളിലെ സുരക്ഷ ശക്തമാക്കി. മരിച്ച മുബാറക്കിന്റെ കുഞ്ഞിന് ആറ് മാസം മാത്രമാണ് പ്രായം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com