'നിന്റെ അഭിപ്രായം വീട്ടില്‍ പോയി പറഞ്ഞാല്‍ മതി'; ജാമിയ വിദ്യാര്‍ത്ഥിനി അയിഷ റെന്നയ്‌ക്കെതിരെ സിപിഎം ( വീഡിയോ)

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി പിണറായി സര്‍ക്കാര്‍ ജയിലില്‍ വച്ച വിദ്യാര്‍ത്ഥികളെ വിട്ടയ്ക്കണം എന്ന അയിഷയുടെ വാക്കുകളാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്
'നിന്റെ അഭിപ്രായം വീട്ടില്‍ പോയി പറഞ്ഞാല്‍ മതി'; ജാമിയ വിദ്യാര്‍ത്ഥിനി അയിഷ റെന്നയ്‌ക്കെതിരെ സിപിഎം ( വീഡിയോ)

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രക്ഷോഭത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ജാമിയ മിലിയ വിദ്യാര്‍ത്ഥിനി അയിഷ റെന്നയ്‌ക്കെതിരെ സിപിഎം പ്രതിഷേധം. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി പിണറായി സര്‍ക്കാര്‍ ജയിലില്‍ വച്ച വിദ്യാര്‍ത്ഥികളെ വിട്ടയ്ക്കണം എന്ന അയിഷയുടെ വാക്കുകളാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. അയിഷ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് പൊതുവേദിക്ക് പുറത്ത് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കിരെ ഡല്‍ഹിയില്‍ നടത്തിയ സമരത്തിലൂടെയാണ് അയിഷ റെന്ന ശ്രദ്ധേയയായത്. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുളള കടന്നാക്രമണമാണ് നിയമമെന്ന് ആരോപിച്ചുളള അയിഷ റെന്നയുടെ സമരത്തെ അനുകൂലിക്കുന്ന നിലപാടാണ് സിപിഎം തുടക്കത്തില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇന്നലെ കൊണ്ടോട്ടിയില്‍ നടന്ന പരിപാടിക്കിടെ, പിണറായി വിജയന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്.

പിണറായി വിജയനെ തെറ്റിദ്ധരിച്ച അയിഷ റെന്ന മാപ്പുപറയുക എന്ന് ആവര്‍ത്തിച്ച് പറഞ്ഞ് മുദ്രാവാക്യം വിളിച്ചായിരുന്നു സിപിഎമ്മിന്റെ പ്രതിഷേധം. 'നമ്മള്‍ തമ്മില്‍ ഒരു ഇന്റേണല്‍ കോണ്‍ഫഌക്ട് ഉണ്ടാകരുത്, ഞാന്‍ പറഞ്ഞത് എന്റെ അഭിപ്രായം മാത്രമാണെന്നും അയിഷ പറഞ്ഞപ്പോള്‍. നിന്റെ അഭിപ്രായം വീട്ടില്‍ പോയി പറഞ്ഞാ മതി എന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞത്.' ഇതോടെ ബഹളമായി. പിന്നീട് അയിഷ വേദി വിട്ടു.

'മുസ്ലീം മതന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയം ഉയര്‍ന്നുവരുന്നതാണ് ഇവിടെ കാണുന്നത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ഉടന്‍ ജയില്‍ മോചിതനാക്കണം. ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. അത് പോലെ തന്നെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി പിണറായി സര്‍ക്കാര്‍ ജയിലില്‍ വച്ച വിദ്യാര്‍ത്ഥികളെ വിട്ടയ്ക്കണം എന്ന ആവശ്യവും മുന്നോട്ടു വയ്ക്കുകയാണ്' - ഇതായിരുന്നു അയിഷയുടെ വാക്കുകള്‍. ഇതോടെ അതുവരെ മുഴങ്ങിക്കേട്ട കയ്യടിയില്‍ നിന്നും പ്രതിഷേധ സ്വരം ഉയരുകയായിരുന്നു. പിണറായിയെ വിമര്‍ശിച്ച അയിഷ റെന്ന മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം പ്രവര്‍ത്തകര്‍ വേദിയിലേക്ക് വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com