ചൈത്രയ്ക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നത് തടയണമെന്ന ഹർജി അപക്വമെന്ന് കോടതി; പിൻവലിച്ചു

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതു തടയണമെന്ന ഹർജി ഹൈക്കോടതിയിൽ നിന്ന് പിൻവലിച്ചു
ചൈത്രയ്ക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നത് തടയണമെന്ന ഹർജി അപക്വമെന്ന് കോടതി; പിൻവലിച്ചു

കൊച്ചി: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതു തടയണമെന്ന ഹർജി ഹൈക്കോടതിയിൽ നിന്ന് പിൻവലിച്ചു. കൊച്ചിയിലെ പബ്ലിക് ഐ നൽകിയ ഹർജി കോടതി നിലപാട് അനുകൂലമല്ലെന്നു കണ്ടാണു പിൻവലിച്ചത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

ചൈത്രയ്ക്കെതിരെ സർക്കാർ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന് കോടതി വാദത്തിനിടെ ചോദിച്ചു. നടപടിയുണ്ടാകുമെന്നു പറയുന്ന ഉദ്യോഗസ്ഥ പരാതി നൽകിയിട്ടില്ല. റെയ്ഡ് ശരിയായില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതായി ഹർജിഭാഗം ശ്രദ്ധയിൽപെടുത്തി. മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞതിന് എന്തിനാണു ഹർജിയെന്നും അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്ര്യമില്ലേ എന്നും കോടതി ചോദിച്ചു.

ചൈത്രയുടെ നടപടിയിൽ അന്വേഷണത്തിനു രണ്ട് ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നുവെന്ന മാധ്യമ വാർത്ത ഹർജി ഭാഗം ശ്രദ്ധയിൽപെടുത്തി. റെയ്ഡ് നിയമപ്രകാരമാണോ എന്നു പരിശോധിക്കുന്നതിൽ തെറ്റുണ്ടോ എന്നു കോടതി ചോദിച്ചു. റെയ്ഡ് നടപടിയിൽ തെറ്റില്ലെന്നു മേലുദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയെങ്കിലും മുഖ്യമന്ത്രി മറിച്ചു തീരുമാനമെടുക്കാൻ സാധ്യതയുണ്ടെന്നു ഹർജി ഭാഗം ആരോപിച്ചു.

റെയ്ഡ് നിയമപ്രകാരമാണെന്നു മേലുദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയെങ്കിൽ സംസ്ഥാനത്തു നിയമവാഴ്ചയില്ലെന്ന് എങ്ങനെ പറയുമെന്നു കോടതി പ്രതികരിച്ചു. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസിൽ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥയ്ക്കു ക്ലീൻ ചിറ്റ് നൽകാൻ മേലുദ്യോഗസ്ഥർക്കു സാധിച്ചെങ്കിൽ നിയമവാഴ്ച ഭദ്രമെന്നല്ലേ അർഥം? തെറ്റിദ്ധാരണയുടെ പുറത്താണു ഹർജി. ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ഹർജി കൊണ്ട് എന്താണു കാര്യമെന്നും കോടതി ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com