നിഴല്‍ യുദ്ധം വേണ്ട; വിരട്ടാനോ ഭയപ്പെടുത്താനോ ശ്രമിക്കേണ്ട: സുകുമാരന്‍ നായരോട് കോടിയേരി

നിഴല്‍ യുദ്ധം വേണ്ട; വിരട്ടാനോ ഭയപ്പെടുത്താനോ ശ്രമിക്കേണ്ട: സുകുമാരന്‍ നായരോട് കോടിയേരി

തിരുവനന്തപുരം: എല്‍ഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസ് വിരട്ടാനോ ഭയപ്പെടുത്താനോ ശ്രമിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുകുമാരന്‍ നായര്‍ നിഴല്‍ യുദ്ധം നടത്തേണ്ട. സമുദായ സംഘടന രാഷ്ട്രീയത്തില്‍ ഇടപെടേണ്ട. രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ എന്‍എസ്എസ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

'കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം പലപ്പോഴും എന്‍എസ്എസ് നേതൃത്വം മുന്നോട്ടുവച്ചിട്ടുണ്ട്. അതിനെ എന്‍എസ്എസിന്റെ അണികള്‍ തന്നെ തള്ളിക്കളയും. എന്‍എസ്എസ് നേതൃത്വത്തിന്റെ നിലപാടുകള്‍ തുറന്നുകാട്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ വോട്ടര്‍മാരേയും രാഷ്ട്രീയ പാര്‍ട്ടികള്‍ സമീപിക്കും. എന്‍എസ്എസ് നേതാക്കന്‍മാരും എസ്എന്‍ഡിപി നേതാക്കന്‍മാരും എല്ലാം വോട്ടര്‍മാരാണ്.  ആ നിലയിലാണ് അവരെ ഓരോരുത്തരേയും ഞങ്ങള്‍ കാണാന്‍ ശ്രമിക്കുന്നത്. ഇനിയും നേരിട്ട് പോയി കാണും. അത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. സമീപിക്കുമ്പോള്‍ അവരുടെ നിലപാട് എന്താണ് എന്ന് അവര്‍ക്ക് പറയാം'. 

'എന്‍എസ്എസ് രാഷ്ട്രീയ നിലപാട് തുറന്നുപറയണം. എന്‍എസ്എസ് നേരത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയെന്ന് മുദ്രകുത്തപ്പെട്ട പാര്‍ട്ടിയാണ് എന്‍ഡിപി. അങ്ങനെയൊരു പരീക്ഷണം നടത്താന്‍ സുകുമാരന്‍ നായര്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ നടത്തട്ടേ, അതൊക്കെ നേരിടാനുള്ള കരുത്ത് ഇന്ന് കേരളത്തിലെ ഇടതുപക്ഷ മുന്നണിക്കുണ്ട്'- അദ്ദേഹം പറഞ്ഞു. 


എന്‍എസ്എസ് നേതൃത്വം പറഞ്ഞാല്‍ ആര് കേള്‍ക്കുമെന്ന് താമസിയാതെ തെളിയുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മറുപടി ലഭിക്കുമെന്നുമായിരുന്നു സുകുമാരന്‍ നായരുടെ പ്രസ്താവന.എന്‍എസ്എസ് പറയുന്നത് നായര്‍ സമുദായ അംഗങ്ങള്‍ കേള്‍ക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ അഭിപ്രായം എടുത്തു പറഞ്ഞുകൊണ്ടാണ് സുകുമാരന്‍ നായര്‍ മറുപടി നല്‍കിയത്.

സംസ്‌കാരമുള്ള മുഖ്യമന്ത്രിയോ മന്ത്രിമാരോ അല്ല കേരളത്തിലുള്ളത് എന്നതിന് അവരുടെ ഭാഷ തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍എസ്എസിനെക്കുറിച്ച് അറിവില്ലാത്തവരും രാഷ്ട്രീയ ലാഭത്തിനായി കളവു പറയുന്നവരുമാണ് ഇത്തരം ആളുകള്‍. അവരുടെ വാക്കുകളില്‍ ധാര്‍ഷ്ട്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍എസ്എസ് ചങ്ങനാശേരി താലൂക്ക് യൂണിയന്‍ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പൊതുസമ്മേളനം നടക്കുന്നതിനു മണിക്കൂറുകള്‍ മുന്‍പാണു സര്‍ക്കാരിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ രൂക്ഷവിമര്‍ശനം നടത്തിയത്.

'കേരളത്തില്‍ എന്തെങ്കിലും നവോത്ഥാനം നടന്നിട്ടുണ്ടെങ്കില്‍ അതില്‍ മന്നത്തു പത്മനാഭനും എന്‍എസ്എസും നേതൃത്വം വഹിച്ചിട്ടുണ്ട്. എന്‍എസ്എസിനെ നവോത്ഥാനം പഠിപ്പിക്കാനാണ് ഇക്കൂട്ടര്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. അവര്‍ ജനിക്കുന്നതിന് മുന്‍പ് സമുദായാചാര്യന്‍ മന്നത്ത് പത്‌നാഭന്‍ അടിത്തറയിട്ടു വളര്‍ത്തിയ പ്രസ്ഥാനമാണ് എന്‍എസ്എസ്.' നട്ടെല്ലുള്ള പ്രസ്ഥാനമായതിനാലാണു ശബരിമല പ്രശ്‌നത്തില്‍ ആചാരസംരക്ഷണത്തിനായി വിശ്വാസികള്‍ക്കൊപ്പം നില കൊള്ളാന്‍ എന്‍എസ്എസ് തീരുമാനിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സാമുഹിക നീതിക്കു വേണ്ടിയാണു സാമ്പത്തിക സംവരണമെന്നും അതിനായി എന്‍എസ്എസ് ആരുടെയും മുന്നില്‍ കൈനീട്ടുകയോ കാലു പിടിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്ന ബുധനാഴ്ച സമീപത്തെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും വിശ്വാസികള്‍ നടത്തണമെന്നു ജി. സുകുമാരന്‍ നായര്‍ അഭ്യര്‍ഥിച്ചു.

'ശബരിമല യുവതീപ്രവേശ വിധി ഇടതു സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണ്. ഹൈന്ദവരുടെ ഈശ്വരവിശ്വാസം ഇല്ലാതാക്കി ക്ഷേത്രങ്ങള്‍ നശിപ്പിക്കാന്‍ വേണ്ടിയാണിത്. വിധിപ്പകര്‍പ്പ് ലഭിക്കുന്നതിനു മുന്‍പ് വിധി നടപ്പാക്കുമെന്നു പറഞ്ഞത് ഇതിന്റെ തെളിവാണ്. ശബരിമല, സാമ്പത്തിക സംവരണം എന്നീ വിഷയങ്ങളില്‍ എന്‍എസ്എസിന് ഒരു നിലപാടേയുള്ളു. സമാധാനപരമായ മാര്‍ഗത്തിലൂടെയാണ് നായര്‍ സര്‍വീസ് സൊസൈറ്റി ഈ വിഷയങ്ങളെ സമീപിക്കുന്നത്. എസ്എന്‍ഡിപി ഉള്‍പ്പെടെയുളള എല്ലാ സംഘടനകളോടും എന്‍എസ്എസിനു ബഹുമാനമാണ്. എന്നാല്‍ നയിക്കുന്നവരുടെ നയമാണു പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com