മുദ്ര വായ്പ ശരിയാക്കി തരാമെന്ന് പറഞ്ഞ് സിനിമക്കാരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; സീരിയല്‍ നടന്‍ അറസ്റ്റില്‍

ലക്ഷങ്ങളുടെ തട്ടിപ്പിനിരയായവരില്‍ പലരുടെയും നോട്ടപ്പുള്ളിയായി മാറിയതോടെ വിജോ രാത്രി ഉറങ്ങിയിരുന്നത് സ്വന്തം വീടിന്റെ ടെറസിനു മുകളിലാണ്
vijo
vijo

മൂവാറ്റുപുഴ; മുദ്ര വായ്പ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് സിനിമക്കാരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സീരിയല്‍ നടന്‍ അറസ്റ്റില്‍. തൃശൂര്‍ പഴയങ്ങാടി മുണ്ടൂര്‍ പാലിയൂര്‍ വീട്ടില്‍ വിജോ.പി. ജോണ്‍സണ്‍ (33) ആണ് അറസ്റ്റിലായത്. സിനിമ നിര്‍മാതാക്കളും സംവിധായകരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അടക്കം നിരവധി പേരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. 

സൗത്ത് മാറാടി കരയില്‍ മഞ്ചരിപ്പടി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. തന്നെ പറ്റിച്ച് 10.5 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് യുവതി പരാതി നല്‍കിയത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവതിയെ സിനിമ ലൊക്കേഷനില്‍ വെച്ചാണ് വിജോ പരിചയപ്പെടുന്നത്. യുവതി സാമ്പത്തിക ആവശ്യം പറഞ്ഞപ്പോള്‍ മുദ്ര വായ്പ വഴി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. 

വായ്പ നല്‍കുന്നതിന് ആവശ്യമായ രേഖകളും അപേക്ഷയും വിജോ തയാറാക്കി. ആദ്യ ഘട്ടത്തിന് ആവശ്യമായ പണവും ചെലവാക്കി. എന്നാല്‍ വായ്പ എടുത്ത തുക വിജോ തട്ടിയെടുത്തു എന്നാണ് യുവതി പരാതി നല്‍കിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സമാനമായ ഒട്ടേറെ തട്ടിപ്പുകള്‍ നടത്തിയതിന് വിജോ വിയ്യൂര്‍ ജയിലില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തൃശൂര്‍ പേരാമംഗലം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്നു വായ്പാ തട്ടിപ്പു കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശിയായ സലാമില്‍ നിന്ന് 5 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റ് വാറന്റ് ഉള്ളതായും പൊലീസ് പറഞ്ഞു.

ലക്ഷങ്ങളുടെ തട്ടിപ്പിനിരയായവരില്‍ പലരുടെയും നോട്ടപ്പുള്ളിയായി മാറിയതോടെ വിജോ രാത്രി ഉറങ്ങിയിരുന്നത് സ്വന്തം വീടിന്റെ ടെറസിനു മുകളിലാണ്. പണം നഷ്ടപ്പെട്ടവര്‍ പലരും തന്നെ കൈകാര്യം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നെന്നും ഇവര്‍ രാത്രി വീട്ടിലെത്തുമായിരുന്നെന്നും വിജോ പറയുന്നു. പുലര്‍ച്ചെ തന്നെ കാറില്‍ സ്ഥലം വിടും. പകല്‍ മുഴുവന്‍ കാറില്‍ കറങ്ങി നടക്കും. അധികനേരം എവിടെയും തങ്ങാറില്ല. ഫോണ്‍ നമ്പറുകളും മാറിക്കൊണ്ടിരുന്നു. ഇതിനിടെ തട്ടിപ്പുകള്‍ തുടര്‍ന്നു. അറസ്റ്റിനായി പൊലീസ് വീടു വളഞ്ഞപ്പോഴും ടെറസില്‍ ഉറക്കത്തിലായിരുന്നു വിജോ. പൊലീസ് എത്തിയതറിഞ്ഞ് ടെറസില്‍ നിന്ന് മതിലില്‍ ഊര്‍ന്നിറങ്ങി അടുത്തുള്ള പുരയിടത്തിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘം വളഞ്ഞു പിടിക്കുകയായിരുന്നു. ഒട്ടേറെ സീരിയലുകളിലും സിനിമകളിലും ചെറിയ റോളുകളില്‍ അഭിനയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com