കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കാരണം സിപിഎം; അവസാനിപ്പിക്കാനും അവർ തീരുമാനിക്കട്ടെ- എംഎൻ കാരശേരി

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ മുഖ്യ ഉത്തരവാദി സിപിഎം ആണെന്ന് ആധ്യാപകനും എഴുത്തുകാരനുമായ എംഎൻ കാരശേരി
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കാരണം സിപിഎം; അവസാനിപ്പിക്കാനും അവർ തീരുമാനിക്കട്ടെ- എംഎൻ കാരശേരി

കൊച്ചി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ മുഖ്യ ഉത്തരവാദി സിപിഎം ആണെന്ന് ആധ്യാപകനും എഴുത്തുകാരനുമായ എംഎൻ കാരശേരി. കാസർക്കോട്ടെ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് കാരശേരി നിലപാട് വ്യക്തമാക്കിയത്. സിപിഎം അധികാരത്തിലിരിക്കുമ്പോഴും അവർ പ്രതിപക്ഷത്തിരിക്കുമ്പോഴും കൊലപാതകം നടക്കുന്നു. ടിപി ചന്ദ്രശേഖരനെ കൊന്നത് പാർട്ടി അല്ല എന്ന് സിപിഎംകാർ പോലും ഇപ്പോൾ പറയുകയില്ല. പ്രതിയായ കുഞ്ഞനന്തനെയും കൊടി സുനിയേയും രക്ഷിക്കുന്നത് അവരാണ്. കിർമാണി മനോജിനെ അവർ കൊണ്ടാടുകയാണെന്നും കാരശേരി വ്യക്തമാക്കി. 

കാസർകോട്ട് കൊല്ലപ്പെട്ട കൃപേഷും ശരത്തും എന്തെങ്കിലും കുറ്റം ചെയ്തവരാണെങ്കിൽ അവരെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ കൊണ്ടുവരികയുമാണ് വേണ്ടത്. അവർക്കെതിരെ നിയമ നടപടികൾ എടുക്കു. എങ്ങനെയാണ് അവരെ വെട്ടി കൊല്ലുന്നത്. നിയമ വാഴ്ചയിൽ വിശ്വാസമുള്ള പാർട്ടിയാണ് സിപിഎം എങ്കിൽ അവർ ഭരിക്കുമ്പോൾ എന്തിനാണ് കൊല്ലുന്നതെന്നും കാരശേരി ചോദിച്ചു.

പിണറായിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേൽക്കുന്ന ഘട്ടത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് വരമ്പത്ത് കൂലി എന്നായിരുന്നു. ഇപ്പോൾ മന്ത്രിസഭയിലുള്ള എംഎം മണിയും പാർട്ടിയുടെ സമുന്നത നേതാവായ പി ജയരാജനടക്കമുള്ളവർ കൊലപാതകത്തിൽ പ്രതികളാണ്. കൊലപാതക രാഷ്ട്രീയം ‍പാർട്ടി അറിഞ്ഞില്ല എന്ന് പറയുമ്പോൾ കേരളത്തിലെ ജനങ്ങൾ ചിരിക്കുമെന്നും കാരശേരി പറഞ്ഞു. 

അവനവന് വരുമ്പോൾ മാത്രമാണ് കൊലപാതകത്തെ കുറിച്ച് നമുക്ക് ശ്രദ്ധയുണ്ടാകുന്നത്. ഇസ്ലാമിലേക്ക് മത പരിവർത്തനം നടത്തുന്നത് എതിർത്തതിന്റെ പേരിൽ തമിഴ്നാട്ടിലെ പാട്ടാളി മക്കൾ കക്ഷിയുടെ നേതാവ് രമലിം​ഗത്തിന്റെ കൈയും കാലും വെട്ടി കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. അത് ഇവിടെ ചർച്ചയായില്ല. കർണാടകത്തിൽ ആർഎസ്എസുകാരാണ് വെട്ടിയതെങ്കിൽ അതിവിടെ വലിയ ചർച്ചയാകും. അക്കാര്യത്തിൽ കോൺ​ഗ്രസിനും ലീ​ഗിനും ശ്രദ്ധയില്ല. സിപിഎമ്മിന് തീരെയില്ല. സിപിഐക്ക് ഒട്ടുമില്ല. കൊലപാതകങ്ങളെക്കുറിച്ചും ഹിംസകളെക്കുറിച്ചുമൊക്കെ നമ്മൾ വളരെ പക്ഷപാതപരമായാണ് ആലോചിക്കുന്നതും ചർച്ച ചെയ്യുന്നതും. കൊലപാതകങ്ങൾക്ക് അറുതി വരണം എന്നുണ്ടെങ്കിൽ സിപിഎം വിചാരിക്കണമെന്നും കാരശേരി കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com