അനുജത്തി വന്നിറങ്ങുമ്പോള്‍ റോഡില്‍ വെട്ടേറ്റ് ചോരയില്‍ കുളിച്ച് ശരത്ത്; ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടല്‍ മാറാതെ ഒരു ഗ്രാമം

കൂരങ്കരയിലെത്തിയപ്പോള്‍ കാണുന്നത് റോഡരികില്‍ ഒരു ബൈക്ക് അല്പം ചെരിഞ്ഞ് നില്‍ക്കുന്നതും സമാന്തരമായി ശരത്ത് കിടക്കുന്നതുമാണ്. ഇരട്ടായതിനാല്‍ വ്യക്തമായി ഒന്നും കാണാന്‍ പറ്റിയില്ല
അനുജത്തി വന്നിറങ്ങുമ്പോള്‍ റോഡില്‍ വെട്ടേറ്റ് ചോരയില്‍ കുളിച്ച് ശരത്ത്; ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടല്‍ മാറാതെ ഒരു ഗ്രാമം

പെരിയ; ശരത്തിന്റേയും കൃപേഷിന്റേയും കൊലപാതകത്തില്‍ ഞെട്ടി വിറങ്ങലിച്ച് നില്‍ക്കുകയാണ് ഒരു ഗ്രാമം. ആഘോഷലഹരിയില്‍ നിന്നിരുന്ന ഒരു ഗ്രാമം വളരെ പെട്ടെന്നാണ് നെഞ്ചുരുകുന്ന വേദനയിലേക്ക് വഴുതിവീണത്. ശരത്തിന്റെ അനുജത്തിയുടേയും കൃപേഷിന്റെ അച്ഛന്റേയും കരച്ചില്‍ മലയാളക്കരയുടെ നെഞ്ച് പൊള്ളിക്കുകയാണ്. കല്യോട്ട് പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘം രൂപവത്കരണമായിരുന്നതിനാല്‍ പ്രദേശം ആഘോഷത്തിലായിരുന്നു. പതിനയ്യായിരത്തോളം പേര്‍ പങ്കെടുത്ത പരിപാടിയുടെ മുന്‍പന്തിയിലായിരുന്നു കൊല്ലപ്പെട്ട ശരത്തും കൃപേഷും.

ശരത്ത് വഴിയില്‍ വെട്ടേറ്റ് വീണ് പ്രാണനുവേണ്ടി പിടയുമ്പോള്‍ ഒരു വിവാഹസല്‍ക്കാരത്തിന് പോയി അനുജത്തി അമൃത ആ വഴിയില്‍ വണ്ടിയില്‍ വന്നിറങ്ങി. ചോരയില്‍ കുളിച്ചു കിടക്കുന്ന ചേട്ടനെ അവള്‍ കാണാതെ പോയത് നിമിഷങ്ങളുടെ വ്യത്യാസത്തിലാണ്. മുന്നാട് ജയപുരത്ത് വിവാഹസത്കാരത്തിന് മൂന്നാല് ജീപ്പുകളിലായാണ് ശരത്തിന്റെ കുടുംബം പോയത്. ഏഴരയോടെയാണ് ഇവര്‍ തിരിച്ചെത്തിയത്. ആദ്യ ജീപ്പ് വരുമ്പോള്‍ അസാധാരണമായി ഒന്നുമുണ്ടായില്ല. 

പത്ത് മിനിറ്റിന് ശേഷം വന്ന ജീപ്പിലാണ് ശരത്തിന്റെ സഹോദരി അമൃതയും മറ്റ് ബന്ധുക്കളുമൊക്കെയുണ്ടായിരുന്നത്. അപ്പോഴേക്ക് സമയം 7.40 ആയിരുന്നു. കൂരങ്കരയിലെത്തിയപ്പോള്‍ കാണുന്നത് റോഡരികില്‍ ഒരു ബൈക്ക് അല്പം ചെരിഞ്ഞ് നില്‍ക്കുന്നതും സമാന്തരമായി ശരത്ത് കിടക്കുന്നതുമാണ്. ഇരട്ടായതിനാല്‍ വ്യക്തമായി ഒന്നും കാണാന്‍ പറ്റിയില്ല. ബൈക്കപകടമാണെന്ന് അവര്‍ കരുതിയത്. അമൃത അടക്കമുള്ള സ്ത്രീകളെ വീടുകളിലേക്ക് അയച്ച് മറ്റുള്ളവര്‍ വന്ന് നോക്കുമ്പോഴാണ് വെട്ടേറ്റ് കിടക്കുന്ന ശരത്തിനെ കണ്ടത്. അവര്‍ വന്ന ജീപ്പില്‍ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. 

''എടുക്കുമ്പോള്‍ത്തന്നെ ഒരു കാല് നഷ്ടപ്പെട്ടിരുന്നതായി തോന്നി. കഴുത്തിനും ആഴമുള്ള മുറിവ്. ഞാനെന്റെ കൈയിലെ തോര്‍ത്തുമുണ്ടുകൊണ്ട് മുറിവില്‍ അമര്‍ത്തിപ്പിടിക്കാന്‍ നോക്കി. ചോര നില്‍ക്കുന്നില്ല. ഇടയ്ക്ക് ശരത്ത് എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, ശബ്ദം പുറത്തേക്ക് വരുന്നില്ല. ജീപ്പില്‍ പതിനഞ്ചുമിനിറ്റുകൊണ്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷ നല്‍കിയ അവര്‍ നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോകണമെന്ന് നിര്‍ദേശിച്ചു. ഉള്ളാളില്‍ എത്തിയപ്പോഴേക്കും അവന്‍ ഒന്ന് ആഞ്ഞുവലിച്ചു. അത്രമാത്രം'' ശരത്തിന്റെ അച്ഛന്റെ ജ്യേഷ്ഠന്‍ ദാമോദരന്‍ കണ്ണീരോടെ പറഞ്ഞു. 

കൃപേഷിനൊപ്പം ശരത്ത് പോകുന്നത് പലരും കണ്ടിരുന്നു. ശരത്തിന് വെട്ടേറ്റ വിവരം നാട്ടില്‍ പരന്നതോടെ കൃപേഷിനുവേണ്ടി തിരച്ചിലായി. ഇതിനിടെയാണ് കൊളത്തിനാട് എന്ന സ്ഥലത്ത് വെട്ടേറ്റുകിടക്കുന്നത് കണ്ടത്. തലയുടെ പിന്‍ഭാഗത്ത് വേട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com