സംസ്ഥാനമാകെ പ്രതിഷേധം, കല്ലേറ്, കെഎസ്ആര്‍ടിസി വാഹനങ്ങള്‍ തകര്‍ത്തു; കടകള്‍ അടപ്പിച്ചു, ലാത്തിവീശി

ശബരിമലയില്‍ രണ്ടു യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരായ പ്രതിഷേധം സംസ്ഥാനത്ത് ഒട്ടാകെ ശക്തമാകുന്നു
സംസ്ഥാനമാകെ പ്രതിഷേധം, കല്ലേറ്, കെഎസ്ആര്‍ടിസി വാഹനങ്ങള്‍ തകര്‍ത്തു; കടകള്‍ അടപ്പിച്ചു, ലാത്തിവീശി

കൊച്ചി:ശബരിമലയില്‍ രണ്ടു യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരായ പ്രതിഷേധം സംസ്ഥാനത്ത് ഒട്ടാകെ ശക്തമാകുന്നു.  ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകരും ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുകയും പലയിടങ്ങളിലും കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. ചിലയിടങ്ങളില്‍ പ്രതിഷേധം സംഘര്‍ഷത്തിന് വഴിമാറി. പ്രവര്‍ത്തകരെ അകറ്റാന്‍ പൊലീസിന് ലാത്തിവീശേണ്ടി വന്നു. നിരവധി പ്രവര്‍ത്തകര്‍ക്കും പൊലീസിനും സംഘര്‍ഷത്തില്‍ പരിക്കേറ്റു.  

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ തെരുവുയുദ്ധത്തിനു സമാനമായ അവസ്ഥയാണുണ്ടായത്. ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. നേരത്തേ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധത്തിനു വന്നവരാണ് ആക്രമണം നടത്തിയത്. പ്രവര്‍ത്തകരെല്ലാം തടിച്ചുകൂടിയതോടെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു.

ബിജെപിയുടെ സമരപ്പന്തലിനടുത്ത് വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. നൂറുകണക്കിനു ബിജെപി പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. വലിയ പൊലീസ് സന്നാഹമാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് ഉള്ളില്‍ കടന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു സമീപത്തു വരെയെത്തിയ നാലു സ്ത്രീകളെ പിന്നീട് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസുള്ള കെട്ടിടത്തിന്റെ അടുത്ത് വരെ ഇവര്‍ എത്തിയിരുന്നു. നെയ്യാറ്റിന്‍കരയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓഫീസില്‍ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കെട്ടി. പൗഡികോണത്തു കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി.

പെരിന്തല്‍മണ്ണയില്‍ ശബരിമല കര്‍മസമിതിയുടെ പ്രകടനത്തിനിടെ കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. ഇതു മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച് ബൈക്ക് യാത്രക്കാരനുനേരെയും ആക്രമണമുണ്ടായി. കണ്ണൂര്‍ ഇരിട്ടിയില്‍ മന്ത്രി കെ.കെ.ശൈലജയെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. കണ്ണൂരില്‍ നിന്നു കാഞ്ഞങ്ങാട്ടേക്കു പോകുന്ന കെഎസ്ആര്‍ടിസി ബസിനു നേരെ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ കാല്‍ടെക്‌സ് ജംക്ഷനില്‍ വാഹനങ്ങള്‍ തടഞ്ഞു. പള്ളിക്കുന്നില്‍ ടയറുകള്‍ കൂട്ടിയിട്ടു കത്തിച്ചതു ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടാക്കി. മേലേചൊവ്വയില്‍ ടയറുകത്തിക്കാനുള്ള ശ്രമം പൊലീസ് ഇടപെട്ടു തടഞ്ഞു. തലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദേവസ്വം ബോര്‍ഡ് ഓഫിസില്‍ നിന്നു ജീവനക്കാരെ ഇറക്കിവിട്ടു. ഓഫിസ് പൂട്ടിയ പ്രതിഷേധക്കാര്‍ പുറത്തു കറുത്ത കൊടിനാട്ടി.

ഗുരുവായൂരില്‍ മന്ത്രി കടകംപള്ളിക്കു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. മന്ത്രി പരിപാടി റദ്ദാക്കി ഗസ്റ്റ് ഹൗസില്‍ തങ്ങുന്നു. കൊടുങ്ങല്ലൂരില്‍ അപ്രഖ്യാപിത ഹര്‍ത്താലാണുള്ളത്. മാളയില്‍ പ്രതിഷേധക്കാര്‍ കെഎസ്ആര്‍ടിസി ബസ് തടയുന്നു. ചാലക്കുടിയിലും കുന്നംകുളത്തും ചെറുതുരുത്തിയിലും കൊടകരയിലും ചേര്‍പ്പിലും വടക്കാഞ്ചേരിയിലും കടകള്‍ അടപ്പിക്കുന്നു. കേച്ചേരിയില്‍ റോഡ് ഉപരോധിച്ചു. തിരുവില്വാമലയില്‍ ബിജെപി പ്രകടനത്തിനിടയിലൂടെ പോകാന്‍ ശ്രമിച്ച കാറിനു നേരെ കല്ലേറ്.

ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ പാലക്കാട് ടൗണില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. മന്ത്രി എ കെ ബാലന്‍ താമസിക്കുന്ന കെഎസ്ഇബിയുടെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിന് മുന്നിലേക്ക് തളളിക്കയറാനുളള പ്രവര്‍ത്തകരുടെ ശ്രമം പൊലീസുമായുളള ഏറ്റുമുട്ടലിലേക്ക് നയിച്ചു. കുപ്പികളും കല്ലുകളുമായി പൊലീസിനെ നേരിടാന്‍ ഒരുങ്ങിയ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. നിരവധി പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആവശ്യത്തിന് പൊലീസുകാര്‍ ഇല്ലാത്തത് സംഘര്‍ഷത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമായി.

മാവേലിക്കരയില്‍ ബിജെപി-സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ തടയുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ അടക്കം തടഞ്ഞിട്ടിരിക്കുന്നു. കടകള്‍ അടപ്പിക്കാന്‍ ശ്രമം. താലൂക്ക് ഓഫിസിലെ കസേരകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com