ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ആസൂത്രിതമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ് 

ശബരിമല കര്‍മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ആസൂത്രിതമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ് 


പന്തളം: ശബരിമല കര്‍മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികളായ കണ്ണന്‍, അജു എന്നിവര്‍ക്കെതിരെ കൊലപാതകമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

ഐപിസി 302, 307 വകുപ്പുകളും കലാപത്തിന് ആസൂത്രണം ചെയ്യുന്ന വകുപ്പുകളായ 143, 147, 148 എന്നീ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ പ്രതികളുടെ രാഷ്ട്രീയ ബന്ധം വ്യക്തമാക്കുന്ന സൂചനകളൊന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പ്രതികള്‍ രണ്ട് പേരെയും പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 

ശബരിമല കര്‍മ സമിതി പ്രവര്‍ത്തകരുടെ പ്രതിഷേധം അരങ്ങേറുമ്പോള്‍ കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെ പ്രതികള്‍ കെട്ടിടത്തിന് മുകളില്‍ തമ്പടിക്കുകയായിരുന്നു. ഇവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുക എന്ന പദ്ധതിയുമായി സംഘം ചേരുകയും കരിങ്കല്‍ കഷ്ണങ്ങള്‍, ഇഷ്ടിക കഷ്ണങ്ങള്‍ എന്നിവ ഉപയോഗിച്ച് പ്രതിഷേധക്കാര്‍ക്ക് നേരെ തുരുതുരെ കല്ലെറിയുകയായിരുന്നു. അവരെ കൊല്ലെടാ എന്നാക്രോശിച്ച് പ്രതികള്‍ കല്ലെറിയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

തലക്കേറ്റ മാരക മുറിവുകളാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രതികള്‍ കെട്ടിടത്തിന് മുകളില്‍ നിന്നെറിഞ്ഞ കല്ലുകള്‍ കൊണ്ട് ഇയാളുടെ തലയുടെ ഇടത് ഭാഗത്ത് സാരമായി പരുക്കേല്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  

സംഘര്‍ഷ സാധ്യത ഉണ്ടായിരുന്നതിനാല്‍ പന്തളം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് നിലയുറപ്പിച്ചിരുന്നു. പൊലീസിനെ മറികടന്നായിരുന്നു പ്രതികളുടെ ആസൂത്രിത നീക്കം. അതിനിടെ പൊലീസിനെ അക്രമിച്ചതിന് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകന്‍ ഹാരിഫിനേയും ഇന്ന് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com