അച്ചടക്ക നടപടി നേരിട്ടവര്‍ക്ക് ഇനി സ്ഥാനക്കയറ്റമില്ല ; പൊലീസില്‍ പിടിമുറുക്കി സര്‍ക്കാര്‍

പൊലീസ് ആക്ടിലെ 101(6) വകുപ്പാണ് റദ്ദാക്കുന്നത്. മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്
അച്ചടക്ക നടപടി നേരിട്ടവര്‍ക്ക് ഇനി സ്ഥാനക്കയറ്റമില്ല ; പൊലീസില്‍ പിടിമുറുക്കി സര്‍ക്കാര്‍

തിരുവനന്തപുരം : പൊലീസില്‍ പിടിമുറുക്കി സര്‍ക്കാര്‍. അച്ചടക്ക നടപടി നേരിട്ടവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. അന്വേഷണം നേരിടുന്നവരെയും പ്രമോഷന് പരിഗണിക്കില്ല. പൊലീസ് ആക്ടിലെ 101(6) വകുപ്പാണ് റദ്ദാക്കുന്നത്. സംസ്ഥാന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. 

അച്ചടക്കനടപടി പ്രമോഷന് ബാധകമാകില്ലെന്ന പൊലീസ് ആക്ടിലെ ചട്ടമാണ് എടുത്തുകളയുന്നത്. പുതിയ പരിഷ്‌കാരം നടപ്പാക്കാനുള്ള ഓര്‍ഡിനന്‍സ് ഇറക്കാനും തീരുമാനിച്ചു. ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതോടെ അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റം സര്‍ക്കാരിന് തടയാനാകും. 

വാര്‍ഷിക വേതനം തടയുന്നതടക്കമുള്ള നടപടികള്‍, ഈ വകുപ്പ് പ്രകാരം സ്ഥാനക്കയറ്റത്തിന്  ബാധകമായിരുന്നില്ല. നിയമത്തിലെ ഈ പഴുത് ചൂണ്ടികാട്ടി അച്ചടക്ക നടപടി നേരിട്ട പൊലീസുകാര്‍ സ്ഥാനക്കയറ്റം നേടിയിരുന്നു. 2011ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി നേരിടുന്നവര്‍ക്ക് അനുകൂല കോടതി വിധിയും ഉണ്ടായിരുന്നു. പൊലീസ് ആക്ടിലെ സുപ്രധാന വകുപ്പ് പിന്‍വലിക്കുന്നതോടെ, സര്‍ക്കാര്‍ സര്‍വീസ് നിയമങ്ങളിലെ മാനദണ്ഡം പൊലീസിനും ബാധകമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com