ജോലിക്കിടെ മരിച്ച തൊഴിലാളിയുടെ വീട് തേടി കമ്പനി മുതലാളി എത്തി, കുടുംബത്തിന് സഹായം നല്‍കി; പ്രശംസിച്ച് സോഷ്യല്‍ മീഡിയ

ഗള്‍ഫില്‍ വെച്ച് മരിച്ച തന്റെ തൊഴിലാളിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനായി കേരളത്തില്‍ എത്തിയ കമ്പനി മുതലാളിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്
ജോലിക്കിടെ മരിച്ച തൊഴിലാളിയുടെ വീട് തേടി കമ്പനി മുതലാളി എത്തി, കുടുംബത്തിന് സഹായം നല്‍കി; പ്രശംസിച്ച് സോഷ്യല്‍ മീഡിയ

ചെങ്ങന്നൂര്‍; ജോലി ചെയ്യുന്നതിനിടെ ഉണ്ടാകുന്ന അപകടത്തില്‍ ചെറിയ പരുക്കേല്‍ക്കുന്നവരെപ്പോലും എഴുതിത്തള്ളുന്നവരാണ് ഭൂരിഭാഗം കമ്പനികളും. ചികിത്സാചിലവും മറ്റും തങ്ങള്‍ വഹിക്കേണ്ടി വരുമല്ലോ എന്ന പേടിയായിരിക്കും ഇത്തരം കമ്പനികള്‍ക്ക്. പ്രവാസികള്‍ക്കാണ് ഇത്തരം അനുഭവം ഉണ്ടാകുന്നതെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകും. എന്തെങ്കിലും കൊടുത്ത് തലയില്‍ നിന്ന് ഒഴിക്കാനായിരിക്കും ശ്രമം. എന്നാല്‍ ചിലര്‍ നമ്മെ ഞെട്ടിച്ചുകളയും. ഇങ്ങനെയും മനുഷ്യന്മാരുണ്ടോ എന്ന് സംശയം തോന്നുന്ന രീതിയില്‍ നമ്മെ ചേര്‍ത്തുനിര്‍ത്തു. 

ചെങ്ങന്നൂരില്‍ ഇത്തരത്തില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഗള്‍ഫില്‍ വെച്ച് മരിച്ച തന്റെ തൊഴിലാളിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനായി കേരളത്തില്‍ എത്തിയ കമ്പനി മുതലാളിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചെങ്ങന്നൂര്‍ സ്വദേശിയായ തൊഴിലാളിയുടെ വീട്ടിലാണ് കമ്പനി സിഇഒ എത്തി കുടുംബാംഗങ്ങളെ കണ്ട് സഹായം നല്‍കിയത്. 

കടയിക്കാടിനു സമീപം താമസിക്കുന്ന ബിജു കഴിഞ്ഞ മാസമാണ് ഗള്‍ഫില്‍ വെച്ച് ഡ്യൂട്ടിക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഇന്നലെ രാവിലെ കമ്പനിയുടെ ഉടമസ്ഥന്‍ ഹംബര്‍ട്ട് ലീ ബിജുവിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും കാണുകയായിരുന്നു. കമ്പനിയുടെ ഇന്‍ഷ്വറന്‍സ് തുകയും കമ്പനിയും സ്റ്റാഫുകള്‍ പിരിച്ചെടുത്ത 33.4 ലക്ഷം രൂപയുടെ ചെക്കും അദ്ദേഹം കൈമാറി. 

മരണശേഷം ബിജുവിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ മുന്‍കൈഎടുത്തതും കമ്പനി തന്നെയായിരുന്നു. കമ്പനിയില്‍ പ്ലംബറായാണ് ബിജു ജോലി ചെയ്യുന്നത്. ബിജുവിന്റെ അമ്മയേയും ഭാര്യയേയും ആശ്വസിപ്പിക്കാനും മക്കളെ ചേര്‍ത്തുനിര്‍ത്താനും അദ്ദേഹം മറന്നില്ല. സംഭവം സാജന്‍ ചാക്കോ എന്ന വ്യക്തിയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഇതോടെ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് പോസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com