വിവാഹച്ചടങ്ങുകളിലെ റാഗിങ്, അതിരുവിട്ടാല്‍ പിടിവീഴും; കര്‍ശന നടപടിക്ക് ഒരുങ്ങി പൊലീസ് 

വിവാഹച്ചടങ്ങുകളിലെ റാഗിങ് ക്രമസമാധാനപ്രശ്‌നമായി മാറിയതോടെ, കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് തീരുമാനം
വിവാഹച്ചടങ്ങുകളിലെ റാഗിങ്, അതിരുവിട്ടാല്‍ പിടിവീഴും; കര്‍ശന നടപടിക്ക് ഒരുങ്ങി പൊലീസ് 

തിരുവനന്തപുരം: വിവാഹച്ചടങ്ങുകളിലെ റാഗിങ് ക്രമസമാധാനപ്രശ്‌നമായി മാറിയതോടെ, കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് തീരുമാനം. നിരവധിപേരുടെ ജീവിതം തകര്‍ത്ത ഈ കലാപരിപാടി അതിരുവിടുന്നതു കണ്ടാണ് പൊലീസ് ഇടപെടല്‍.  വിവാഹച്ചടങ്ങ് സ്വകാര്യപരിപാടിയാണെങ്കിലും റാഗിങ്ങിനെക്കുറിച്ച്  പരാതി ലഭിച്ചാല്‍ പൊലീസ് ഇടപെടും.  നിലവില്‍ ഒട്ടേറെ പരാതികള്‍ വിവിധ  സ്‌റ്റേഷനുകളില്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെഭാഗമായി ജനങ്ങളെ ബോധവല്‍ക്കരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

 ഒത്തുചേരലുകളുടെ സന്തോഷങ്ങള്‍  കെടുത്തുന്ന തരത്തിലാണ് പല വിവാഹ ആഘോഷങ്ങളും തമാശകളും അരങ്ങേറുന്നത്.  ഈ പ്രവണതകള്‍ സകല സീമകളും ലംഘിച്ച് ആഭാസങ്ങളും അപകടങ്ങളുമായി പരിണമിക്കുന്നു. വിവാഹ ആഘോഷത്തിന്റെയും വിരുന്നുസല്‍ക്കാരത്തിന്റെയും മറവിലുള്ള വിക്രിയകള്‍ സാമൂഹ്യ പ്രശ്‌നമാകുകയാണ്. മുമ്പ് ചില ജില്ലകളില്‍മാത്രം അരങ്ങേറിയ പരിപാടി ഇപ്പോള്‍ എല്ലാ ജില്ലകളിലും കാണുന്നു. ഒട്ടേറെ പേരാണ് ഇതുവഴി കണ്ണീര്‍ കുടിക്കുന്നത്. ക്രിമിനല്‍ സ്വഭാവമുള്ളവരാണ് ഇതില്‍പെടുന്ന പലരും. ഇതുസംബന്ധിച്ച് പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഒട്ടേറെ പ്രതികരണങ്ങള്‍ വന്നു. ചിലര്‍ ഫോട്ടോയും വീഡിയോകളും ഷെയര്‍ ചെയ്തു. ഇതോടെയാണ് ബോധവല്‍ക്കരണവുമായി പൊലീസ് രംഗത്തുവന്നത്.
 
കല്യാണചെക്കനേയും പെണ്ണിനേയും കൊണ്ട് പലവിധ പണിയെടുപ്പിക്കല്‍,ചെളിയും കരിയും പുരട്ടല്‍, റോഡിലൂടെ ഡാന്‍സ് ചെയ്യിക്കല്‍, പെട്ടി ഓട്ടോയിലും മറ്റും കൊണ്ടുപോകല്‍ തുടങ്ങി കല്യാണ ചെക്കന്റെ കുട്ടുകാര്‍ക്ക് തോന്നുന്നതെന്തും ചെയ്യിക്കുന്ന വിധത്തിലേക്ക് ഈ റാഗിങ് പോയിരുന്നു. പലയിടത്തും ഇതേചൊല്ലി ബന്ധുവീട്ടുകാര്‍ തമ്മില്‍  കല്യാണപന്തലില്‍ കലഹവും ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പൊലീസ് ഇടപെടല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com