സിപിഎം ദേശീയ നേതാക്കള്‍ മത്സരിക്കാന്‍ കേരളത്തിലേക്ക്? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട് എന്നിവരെ പരിഗണിക്കുന്നു

കൊല്ലം, ആലപ്പുഴ, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളിലേതെങ്കിലുമാകും ദേശീയ നേതാക്കള്‍ മത്സരിക്കുക
സിപിഎം ദേശീയ നേതാക്കള്‍ മത്സരിക്കാന്‍ കേരളത്തിലേക്ക്? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട് എന്നിവരെ പരിഗണിക്കുന്നു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ദേശീയ നേതാക്കള്‍ കേരളത്തില്‍ മത്സരിച്ചേക്കും. ഇടതു പിന്തുണയുള്ള ബിജെപിയിതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാത്രം ശക്തമായ നേതൃത്വം സിപിഎമ്മിന് പാര്‍ലമെന്റില്‍ ഉണ്ടാവണം എന്ന ലക്ഷ്യം വെച്ചാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട്. 

പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട് എന്നിവരാണ് കേരളത്തില്‍ മത്സരിക്കുവാന്‍ എത്തിയേക്കാന്‍ സാധ്യതയെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലം, ആലപ്പുഴ, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളിലേതെങ്കിലുമാകും ദേശീയ നേതാക്കള്‍ മത്സരിക്കുക. കേന്ദ്ര കമ്മിറ്റി അംഗമായ വിജു കൃഷ്ണനും മത്സരിച്ചേക്കുമെന്ന് പറയപ്പെടുന്നു. 

പ്രകാശ് കാരാട്ടന്റെ ജന്മസ്ഥലമായ പാലക്കാട്ട് തന്നെ അദ്ദേഹത്തെ മത്സരിപ്പിക്കുന്നതും പരിഗണിക്കുന്നുണ്ട്. ഇവിടെ എം.ബി.രാജേഷ് രണ്ട് ടേം പൂര്‍ത്തിയാക്കിയതും, പി.കെ.ശശി വിവാദത്തില്‍ പരാതിക്കാരിയായ പെണ്‍കുട്ടിക്കൊപ്പം രാജേഷ് നിന്നു എന്നതും രാജേഷിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. വിജു കൃഷ്ണനെ കൊല്ലത്ത് പരിഗണിക്കുന്നുണ്ടെങ്കിലും, ജില്ലാ നേതൃത്വത്തിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബാലഗോപാലിനെയാണ് ഇവിടെ മത്സരിപ്പിക്കുവാന്‍ താത്പര്യം. ബംഗാളിലും തൃപുരയിലും ദേശീയ നേതാക്കളെ മത്സരിപ്പിക്കുവാനുള്ള സാധ്യതയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com