സിപിഎം ഓഫീസ് റെയ്ഡില്‍ നടപടിക്ക് ശുപാര്‍ശയില്ല ; ഡിജിപി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ചൈത്രയുടെ നടപടിയില്‍ പ്രത്യേക പരാമര്‍ശവും ഡിജിപി നടത്തിയിട്ടില്ല. എഡിജിപി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട് അതേപടി നല്‍കുക മാത്രമാണ് ചെയ്തത്
സിപിഎം ഓഫീസ് റെയ്ഡില്‍ നടപടിക്ക് ശുപാര്‍ശയില്ല ; ഡിജിപി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


തിരുവനന്തപുരം : സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡില്‍ എസ്പി ചൈത്ര തെരേസ ജോണിനെതിരായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കിയത്. റിപ്പോര്‍ട്ടില്‍ യാതൊരു നടപടിയും ശുപാര്‍ശ ചെയ്തിട്ടില്ല. ചൈത്രയുടെ നടപടിയില്‍ പ്രത്യേക പരാമര്‍ശവും ഡിജിപി നടത്തിയിട്ടില്ല. എഡിജിപി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട് അതേപടി നല്‍കുക മാത്രമാണ് ചെയ്തത്. ഇതോടെ മുഖ്യമന്ത്രിയുടെ പ്രത്യേക വിവേചനാധികാര പ്രകാരമാകും എസ്പിക്കെതിരെ നടപടിയെടുക്കുക. 

എസ്പി ചൈത്രക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി മനോജ് എബ്രഹാം കഴിഞ്ഞദിവസം ഡിജിപിക്ക് നല്‍കിയിരുന്നു. ഇതില്‍ എസ്പിയുടെ നടപടി നിയമപ്രകാരമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. നിയമപരമായി എസ്പിയുടെ നടപടിയില്‍ തെറ്റില്ലെന്നും സൂചിപ്പിക്കുന്നു. അതേസമയം റെയ്ഡ് അടക്കമുള്ള നടപടി സ്വീകരിക്കുന്നതില്‍ എസ്പിക്ക് ചെറിയ ജാഗ്രതക്കുറവുണ്ടായി, മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചില്ല എന്നീ കാര്യങ്ങള്‍ മാത്രമേ എഡിജിപി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. 

അതേസമയം എസ്പിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന കടുത്ത നിലപാടിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി. എസ്പിയുടെ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തുകയും ചെയ്തിരുന്നു. രാഷ്ട്രീയക്കാരെ ഇകഴ്ത്തിക്കാട്ടാനാണ് ചൈത്ര തെരേസ ജോണ്‍ ശ്രമിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കോടതിയുടെ വാറണ്ടിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയ എസ്പിക്കെതിരെ നടപടി സ്വീകരിച്ചാല്‍ ട്രൈബ്യൂണലിനെ സമീപിക്കണമെന്ന ആവശ്യവും ഐപിഎസ് അസോസിയേഷനില്‍ ഉയര്‍ന്നിട്ടുണ്ട്. 

പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ ഡിവൈഎഫ്ഐക്കാരെ പിടിക്കാനാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ  ഡിസിപിയുടെ നേതൃത്വത്തിൽ 
വ്യാഴാഴ്ച അർധരാത്രി റെയ്ഡ് നടത്തിയത്.  ബുധനാഴ്ച രാത്രിയാണ് അൻപതോളം പേരടങ്ങിയ ഡിവൈ എഫ്ഐ സംഘം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞത്. പ്രതികളിൽ പ്രധാനികൾ മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ ഒളിവിൽ കഴിയുന്നതായി സിറ്റി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തു. തുടർന്നാണു ചൈത്രയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം പാർട്ടി ഓഫിസിൽ എത്തിയത്. എന്നാൽ പൊലീസ് സംഘത്തെ പാർട്ടി പ്രവർത്തകരും നേതാക്കളും തടഞ്ഞു.

പോക്സോ കേസിൽ അറസ്റ്റിലായ രണ്ട് പ്രവർത്തകരെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐക്കാരുടെ അതിക്രമം. മുതിർന്ന നേതാവുൾപ്പെടെ അൻപതോളം ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. എന്നാൽ പ്രതികളെ പിടിക്കാതെ മെഡിക്കൽ കോളജ് പൊലീസ് ഒത്തുകളിക്കുന്നതായ വിവരം ഉന്നത ഉദ്യോഗസ്ഥർക്കു ലഭിച്ചു. പിന്നാലെയാണു പ്രതികളെക്കുറിച്ചു സൂചന നൽകി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com