''നിങ്ങള്‍ക്കു തോന്നുന്നതു ചെയ്യാനുള്ളതല്ല ആകാശവാണി, ഇവിടെ ഞാനാണ് അതോറിറ്റി'' ; കവിത വായിക്കാന്‍ ചെന്നപ്പോള്‍ അപമാനിച്ചതായി പരാതി

''നിങ്ങള്‍ക്കു തോന്നുന്നതു ചെയ്യാനുള്ളതല്ല ആകാശവാണി, ഇവിടെ ഞാനാണ് അതോറിറ്റി'' ; കവിത വായിക്കാന്‍ ചെന്നപ്പോള്‍ അപമാനിച്ചതായി പരാതി
റോഷ്‌നി സ്വപ്‌ന (ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം)
റോഷ്‌നി സ്വപ്‌ന (ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം)

കോഴിക്കോട്:  ആകാശവാണിയില്‍ കവിത വായിക്കാന്‍ ചെന്ന തന്നെ അധികൃതര്‍ അപമാനിച്ചെന്ന പരാതിയുമായി കവിയും അധ്യാപികയുമായ റോഷ്‌നി സ്വപ്‌ന. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് റോഷ്‌നി ആകാശവാണി ഉദ്യോഗസ്ഥയില്‍നിന്നുണ്ടായ മോശം അനുഭവം പങ്കുവയ്ക്കുന്നത്.

ആകാശവാണിയില്‍നിന്നുള്ള ക്ഷണപ്രകാരം ആണ് കവിത വായിക്കാന്‍ ചെന്നതെന്ന് റോഷ്‌നി പറഞ്ഞു. സ്റ്റുഡിയോയില്‍ റെക്കോഡിങ് പുരോഗമിക്കുന്നതിനിടെ ഒരു ഉദ്യോഗസ്ഥ വന്ന് വായന നിര്‍ത്താന്‍ പറയുകയായിരുന്നു. റോഷ്‌നിയുടെ കുറിപ്പ് ഇങ്ങനെ: 

''രണ്ടാമത്തെ കവിത വായിച്ചപ്പോള്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോ തുറന്നു വന്ന് വായന നിര്‍ത്താന്‍ പറഞ്ഞു .

'എന്താണ് പ്രശ്‌നം? സൗണ്ട ജര്‍ക്കിങ് ആണോ ക്ലാരിറ്റി പ്രശ്‌നം ആണോ ? റീറെക്കോഡ് ചെയ്യണോ?' എന്ന് ഞാന്‍ ചോദിച്ചു .അങ്ങനെ ചോദിക്കാന്‍ എനിക്ക് അവകാശം ഉണ്ട് എന്ന് തന്നെ വിശ്വസിക്കുന്നു. കാരണം എന്റെ കവിത നന്നായി ബ്രോഡ്കാസ്റ്റ് ചെയ്യുക എന്നത് എന്റെ കൂടി ഉത്തരവാദിത്തമാണല്ലോ .

മൈക് മാറി ഇരിക്കാന്‍ പറഞ്ഞപ്പോള്‍ സ്വാഭാവികമായി ഞാന്‍ ചോദിച്ചു .
' വോക്കല്‍ മൈക് ഏതാണ് എന്ന് ''

കാരണം സ്പീച്ച് മൈക്കും വോക്കല്‍ മൈക്കും ഇന്‍സ്ട്രുമെന്റിനു വേണ്ടി ഉള്ള മൈക് ഉം തമ്മില്‍ നേരിയ വ്യത്യാസം ഉണ്ട് . ഡ്രാമ സ്റ്റുഡിയോ ആകുമ്പോള്‍ അത് ഉണ്ടാകുമല്ലോ !

അത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മനസിലായി .
പിന്നെ അവര്‍ എന്റെ കയ്യിലെ കവിതകള്‍ വാങ്ങി എന്റെ തലക്ക് മുകളില്‍ പിടിച്ചു കാണിച്ചു ..
'ഇങ്ങനെ വായിക്കണം '
എന്ന് പറയുന്നു .

'പറ്റില്ല .എന്റെ  വോയിസ് പൊസിഷന്‍ കറക്റ്റ് ആണ് .ഞാന്‍ ഇങ്ങനെ കംഫര്‍ട്ടബിള്‍ അല്ല 'എന്ന് ഞാന്‍ മറുപടി പറഞ്ഞു .

പിന്നെ അവര്‍ പറഞ്ഞതും കാണിച്ചതും ഒരു സ്ത്രീ എന്ന നിലയില്‍ ഉപരിയായി ഒരു കവി എന്ന നിലയില്‍ എന്റെ ക്രെഡിബിലിറ്റിയെ മൊത്തം അപമാനിക്കും വിധം ആയിരുന്നു .

'ഞാന്‍ ആകാശവാണി അതോറിറ്റി ആണ് .ഇവിടെ ഞാന്‍ പറയുന്നത് അനുസരിച്ചാല്‍ മതി .വോയിസ് പൊസിഷന്‍ നെ കുറിച്ച് എന്നെ പഠിപ്പിക്കാറായോ ''

തുടര്‍ന്ന് റെക്കോഡ് ചെയ്യുന്ന പെണ്‍കുട്ടിയെ സ്റ്റുഡിയോയിലേക്കു വിളിച്ച് ഇത് ആരാണ്, ആരാണ് ഇവളെ ഇങ്ങോട്ടു വിളിച്ചത് എന്നെല്ലാം ചോദിച്ചെന്നും കുറിപ്പില്‍ പറയുന്നു. റെക്കോഡിങ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഉദ്യോഗസ്ഥ വീണ്ടും മോശമായി സംസാരിച്ചെന്ന് റോഷ്‌നി സ്വപ്‌ന പറഞ്ഞു. ''നിങ്ങള്‍ക്ക് തോന്നുന്നത് ചെയ്യാന്‍ ഉള്ളതല്ല ആകാശവാണി എന്നും തോന്നിയ സ്ഥലത്തു വായിക്കണം എങ്കില്‍ അവിടത്തെ നിയമം അനുസരിക്കാന്‍ ബാധ്യത ഉണ്ട് എന്നും ഇവിടെ ഞാന്‍ ആണ് അതോറിറ്റി എന്നും ഉദ്യോഗസ്ഥ പറഞ്ഞതായി'' കുറിപ്പിലുണ്ട്.  

തന്നെ അപമാനിച്ചു സംസാരിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ ആകാശവാണിക്കു പരാതി നല്‍കിയതായി റോഷ്‌നി സ്വപ്‌ന പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com