മയക്കുമരുന്നടിച്ച് വണ്ടിയോടിച്ചാല്‍ പിടിവീഴില്ലെന്ന് കരുതി വിലസുന്നവര്‍ ജാഗ്രതൈ!; പരിശോധനാ കിറ്റുമായി പൊലീസ് 

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ തിരിച്ചറിയാന്‍ പ്രത്യേക കിറ്റുമായി പൊലീസ്
മയക്കുമരുന്നടിച്ച് വണ്ടിയോടിച്ചാല്‍ പിടിവീഴില്ലെന്ന് കരുതി വിലസുന്നവര്‍ ജാഗ്രതൈ!; പരിശോധനാ കിറ്റുമായി പൊലീസ് 

കൊച്ചി : മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ തിരിച്ചറിയാന്‍ പ്രത്യേക കിറ്റുമായി പൊലീസ്. രണ്ടു മാസത്തിനുളളില്‍ പദ്ധതി നടപ്പിലാക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.

ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ പരിശോധന നടപ്പാക്കുന്നത്. മദ്യപിച്ചു വാഹനമോടിക്കുന്നവരെ ബ്രത്ത് അനലൈസര്‍ പരിശോധനവഴി പൊലീസ് പിടികൂടുന്നുണ്ടെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ നിലവില്‍ മാര്‍ഗങ്ങളൊന്നുമില്ല. ഇതുമുതലാക്കി മയക്കുമരുന്ന് ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവര്‍ പെരുകുന്ന സാഹചര്യത്തിലാണ് നടപടി. 

കോട്ടയം മുന്‍ ജില്ലാ പൊലീസ് മേധാവി എന്‍ രാമചന്ദ്രന്‍ എഴുതിയ കത്തില്‍ സ്വമേധയാ എടുത്ത കേസിലാണു ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഈ സംവിധാനം എത്രയും പെട്ടെന്നു നടപ്പാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടത്. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും തടയുന്നതു സംബന്ധിച്ചു സര്‍ക്കാരിന്റെ വിശദീകരണവും കോടതി തേടിയിരുന്നു. 

പരിശോധനയ്ക്കുള്ള കിറ്റ് വാങ്ങാനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചുകഴിഞ്ഞെന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ഗുജറാത്ത് പൊലീസ് ഉപയോഗിക്കുന്ന ആബണ്‍ കിറ്റ്‌സ് സംവിധാനമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. 11,000 രൂപ വില വരും ഈ കിറ്റിന്.  ഇത് ഒരുതവണയേ ഉപയോഗിക്കാനാവൂ. എന്നാല്‍ 500-600 രൂപയക്കു ലഭ്യമാക്കാമെന്നു വിതരണക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

അതേസമയം കിറ്റുപയോഗിക്കുന്നതിലെ നിയമപരമായ തടസങ്ങള്‍ പൊലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടി. രക്ത പരിശോധന ഉള്‍പ്പെടെയുള്ളവയ്ക്കു പ്രതിയുടെ സമ്മതം വേണം. എന്നാല്‍ 1985 ലെ മയക്കുമരുന്ന് ലഹരിവസ്തു നിയമത്തില്‍ (എന്‍ഡിപിഎസ്) ഇതിനു വ്യവസ്ഥയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.  ഗുജറാത്തില്‍ ഈ സംവിധാനം നിലവിലുണ്ടെന്നും ഇവിടെയും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിക്കൂടെയെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com