പനി ബാധിച്ച് ആശുപത്രിയില്‍ എത്തിയ ഒന്നര വയസുകാരിയുടെ സ്വര്‍ണ മാല പൊട്ടിച്ചു; യുവാവ് അറസ്റ്റില്‍

കായംകുളം താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് ഇയാള്‍ കുഞ്ഞിന്റെ മാല പൊട്ടിച്ചത്
പനി ബാധിച്ച് ആശുപത്രിയില്‍ എത്തിയ ഒന്നര വയസുകാരിയുടെ സ്വര്‍ണ മാല പൊട്ടിച്ചു; യുവാവ് അറസ്റ്റില്‍

കായംകുളം; ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ ഒന്നര വയസുകാരിയുടെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. കായംകുളം മുതുകുളം വടക്ക് സൂര്യാലയത്തില്‍ ജയകൃഷ്ണ(41)നാണ് അറസ്റ്റിലായത്. കായംകുളം താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് ഇയാള്‍ കുഞ്ഞിന്റെ മാല പൊട്ടിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. 

കീരിക്കാട് തെക്ക് കൈപ്പള്ളില്‍ തെക്കതില്‍ ശ്യാംകുമാറിന്റെ മകള്‍ ഒന്നര വയസുള്ള ആദി ലക്ഷ്മിയുടെ ഒമ്പത് ഗ്രാമിന്റെ മാലയാണ് ഇയാള്‍ പൊട്ടിച്ചെടുത്തത്. ആദി ലക്ഷ്മിക്ക് പനിബാധിച്ചതിനെതുടര്‍ന്ന് ഇന്നലെ രാവിലെ പത്തുമണി അമ്മ നിഖില കുഞ്ഞിനേയും കൊണ്ട് ആശുപത്രിയില്‍ എത്തിയിരുന്നു. ഒപി വിഭാഗത്തിന് സമീപം നിന്നപ്പോള്‍ കുട്ടി പെട്ടെന്ന് തല വെട്ടിച്ചു. ഇതില്‍ അസ്വഭാവിക തോന്നിയ കുഞ്ഞിന്റെ കഴുത്തില്‍ പരിശോധിച്ചെങ്കിലും മാല കണ്ടില്ല. തുടര്‍ന്ന് അടുത്തുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. 

ഇതിനിടെ ഒരാള്‍ സംശയകരമായി നടന്നു പോകുന്നത് അഖില ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് ജയകൃഷ്ണനെ തടഞ്ഞുവെച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.  പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവ് ഇയാള്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com