സ്വര്‍ണ്ണക്കടത്തുകേസില്‍ കസ്റ്റംസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് സിബിഐ ; പ്രകാശന്‍ തമ്പിക്കും വിഷ്ണുവിനും പങ്ക്

പ്രതികള്‍ പലതവണയായി കോടികളുടെ സ്വര്‍ണ്ണം വിമാനത്താവളം വഴി കടത്തി. ഈ വര്‍ഷം ഏപ്രില്‍ മെയ് മാസങ്ങളിലാണ് ഗൂഢാലോചന നടന്നതെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു
സ്വര്‍ണ്ണക്കടത്തുകേസില്‍ കസ്റ്റംസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് സിബിഐ ; പ്രകാശന്‍ തമ്പിക്കും വിഷ്ണുവിനും പങ്ക്

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് സിബിഐ.  ഈ വര്‍ഷം ഏപ്രില്‍ മെയ് മാസങ്ങളിലാണ് ഗൂഢാലോചന നടന്നതെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. പ്രതികള്‍ പലതവണയായി കോടികളുടെ സ്വര്‍ണ്ണം വിമാനത്താവളം വഴി കടത്തി. പ്രതികളായ പ്രകാശന്‍ തമ്പി, വിഷ്ണു തുടങ്ങിയവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. ജൂവലറികള്‍ വഴിയാണ് കള്ളക്കടത്ത് സ്വര്‍ണം വില്‍പ്പന നടത്തിയിരുന്നതെന്നും തിരുവനന്തപുരം കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ സിബിഐ പറയുന്നു. 

25 കിലോ സ്വര്‍ണവുമായി പിടിയിലായപ്പോഴും ഗൂഢാലോചന നടന്നിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചിട്ടുണ്ടെന്നും സിബിഐ എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. കേസില്‍ കസ്റ്റംസ് സൂപ്രണ്ടിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്‌ഐആര്‍ നല്‍കിയിട്ടുള്ളത്. അന്വേഷണം തുടരുകയാണെന്നും, കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു.

പലപ്പോഴായി 50 കിലോ സ്വര്‍ണം കടത്തിയെന്ന് ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സെറീന നേരത്തെ ഡിആര്‍ഐക്ക് മൊഴി നല്‍കിയിരുന്നു. ഒരു തവണ സ്വര്‍ണം കടത്തുന്നതിന് 2,000 ദിര്‍ഹം പ്രതിഫലം ലഭിച്ചു. വിമാനടിക്കറ്റും എടുത്തുനല്‍കിയിരുന്നു. സ്വര്‍ണ്ണക്കടത്തിന് എസ്‌കോര്‍ട്ടായാണ് പോയതെന്നും സെറീന മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നത് വിഷ്ണു എന്നയാളാണ്. തിരുവനന്തപുരം സ്വദേശി ജിത്തുവാണ് ദുബായില്‍ വെച്ച് തനിക്ക് സ്വര്‍ണ്ണം കൈമാറിയതെന്നും സെറീന വെളിപ്പെടുത്തിയിരുന്നു. 

സ്വര്‍ണ്ണം കടത്തിക്കൊണ്ടു വരുന്നത് മറ്റൊരാളായിരിക്കും. അയാള്‍ക്കൊപ്പം സെറീന യാത്ര ചെയ്യും. തിരുവനന്തപുരം വിമാനത്താവളത്തില്‍ എക്‌സ്‌റേ പരിശോധന കഴിയുമ്പോള്‍ ബാഗുമായി പുറത്തേക്ക് പോകുന്നത് സെറീനയാണ്. ബാഗുമായി നേരെ കഴക്കൂട്ടത്തെ വീട്ടിലേക്കാണ് പോയിരുന്നതെന്നും സെറീന മൊഴി നല്‍കി. സ്വര്‍ണ്ണക്കടത്തുകേസില്‍ സെറീനയെ കൂടാതെ, മുഖ്യപ്രതിയായ അഭിഭാഷകന്‍ ബിജു, ഭാര്യ വിനീത, കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍, പ്രകാശന്‍ തമ്പി തുടങ്ങിയവര്‍ അറസ്റ്റിലായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com