എത്ര കോടി രൂപ ചെലവഴിച്ചാലും കേരളത്തില്‍ ബിജെപി അധികാരത്തിലെത്തില്ല : കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസിനും ബിജെപിക്കും ബദലായ കേരളത്തിലെ ഇടതുസര്‍ക്കാരിനെയാണ്  ആര്‍എസ്എസ്  ലക്ഷ്യമിടുന്നത്
എത്ര കോടി രൂപ ചെലവഴിച്ചാലും കേരളത്തില്‍ ബിജെപി അധികാരത്തിലെത്തില്ല : കോടിയേരി ബാലകൃഷ്ണന്‍

തൃശൂര്‍ : എത്ര പ്രവര്‍ത്തകരെ പുറം സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കിയാലും വിന്ധ്യപര്‍വതത്തിനിപ്പുറം ബിജെപി ഭരണമുണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എത്ര കോടി രൂപ ചെലവഴിച്ചാലും കേരളത്തില്‍ ബിജെപിക്ക് ഭരണം നേടാനാവില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎം കണ്ടാണശേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബിജെപിക്ക് ഒരുസീറ്റുപോലും നേടാനായില്ല. ഇടതുപക്ഷം നടത്തിയ ശക്തമായ പ്രചാരം സമൂഹത്തിലുണ്ടാക്കിയ ചലനങ്ങളാണ് ഇതിന് കാരണം. ജനങ്ങള്‍ക്കിടയില്‍ മതനിരപേക്ഷ പ്രസ്ഥാനത്തിനുള്ള അടിത്തറയാണ് കാരണം.  കേരളത്തില്‍ ഇടതുപക്ഷം നേരിട്ട തിരിച്ചടി താല്‍ക്കാലികം മാത്രമാണ്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് തിരിച്ചുവരാനാവുമെന്ന് മുന്‍ തെരഞ്ഞെടുപ്പുകള്‍ തെളിയിക്കുന്നതായും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 
 
കോണ്‍ഗ്രസിനും ബിജെപിക്കും ബദലായ കേരളത്തിലെ ഇടതുസര്‍ക്കാരിനെയാണ്  ആര്‍എസ്എസ്  ലക്ഷ്യമിടുന്നത്.  അടുത്ത ലക്ഷ്യം കേരളമാണെന്ന് മോദിയും അമിത്ഷായും പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമുതല്‍ ഇത് പറയുന്നതാണ്. കമ്യൂണിസ്റ്റുകാരും ഇടതുപക്ഷവും ദൃഢനിശ്ചയത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇത് തടയും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി  27,000 കോടി ചെലവഴിച്ചതായാണ് കണക്കുകള്‍ പുറത്തുവരുന്നത്. കേരളത്തില്‍ കോടികള്‍ ചെലവഴിച്ചിട്ടും ഒരു ഗുണവും ലഭിച്ചില്ലെന്ന് അമിത്ഷാ പറയുന്നു. കോര്‍പറേറ്റുകളാണ് ബിജെപിക്ക് കോടികള്‍ നല്‍കുന്നത്. കഴിഞ്ഞ ബിജെപി ഭരണത്തില്‍ 119 ശതകോടീശ്വരന്മാരുടെ സമ്പത്ത് കുമിഞ്ഞുകൂടി. ഇതിലൊരു ഭാഗം ഇവര്‍ ബിജെപിക്ക് നല്‍കുകയാണ്. ഈ പണം ഉപയോഗിച്ച്  അവര്‍ മാധ്യമങ്ങളെ വിലയ്‌ക്കെടുത്തുവെന്നും കോടിയേരി ആരോപിച്ചു. 

കേരളത്തില്‍ 77-ല്‍  ഇതിലും വലിയ തോല്‍വി ഇടതുപക്ഷത്തിനുണ്ടായിട്ടുണ്ട്. ശക്തമായി തിരിച്ചുവന്നിട്ടുമുണ്ട്. ഇത്തവണ ബിജെപിയെ താഴെയിറക്കാനുള്ള സ്വാധീനം ഇടതുപക്ഷത്തിനില്ലെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.  ഇതില്‍ വോട്ടര്‍മാര്‍ തെറ്റിദ്ധരിച്ചു. ശബരിമല വിഷയത്തില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു. തെറ്റിദ്ധാരണയുള്ളവര്‍  എതിരായി വോട്ട് ചെയ്തിട്ടുണ്ടാവാം. അവരുടെ അടുത്തുപോയി കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. 

ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ കരഞ്ഞിരിക്കുന്നവരല്ല കമ്യൂണിസ്റ്റുകാര്‍, വിജയിച്ചാല്‍ അതില്‍ മതിമറന്ന് കടമ മറക്കുന്നവരുമല്ല.  ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് കൂടുതല്‍ ശക്തിനേടും. ഇടതുപക്ഷം വിശ്വാസികള്‍ക്കെതിരല്ല. ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങളുള്ള കേരളത്തില്‍ ക്ഷേത്രസംരക്ഷണത്തിന് ഏറ്റവും കൂടുതല്‍ തുക നല്‍കുന്നത്, എല്‍ഡിഎഫ് സര്‍ക്കാരാണ്. ശബരിമല വികസനത്തിനും കോടികള്‍ ചെലവഴിച്ചു. 
 
കോണ്‍ഗ്രസ് സൃഷ്ടിച്ച അസ്വസ്ഥതകളാണ് ബിജെപിക്ക് വളംവച്ചത്. ബിജെപിയുടെ ഭരണപരാജയം ചര്‍ച്ചയായില്ല. പകരം യുദ്ധവും പാകിസ്ഥാന്‍ വിരുദ്ധതയും പ്രചരിപ്പിച്ചു.  സാമ്രാജ്യത്വ അനുകൂല ഉദാരവല്‍ക്കരണനയങ്ങള്‍ക്കും അതിന്റെ കെടുതികളെ മറയ്ക്കാന്‍ തീവ്രമാക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കുമെതിരെ  ജനകീയ ബദലുയര്‍ത്തി പൊരുതാന്‍  ഇടതുപക്ഷത്തിനേ കഴിയൂ. തീവ്രവലതുപക്ഷ ബിജെപി ഭരണം കോണ്‍ഗ്രസ് വീണതുപോലെ വീഴുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചടങ്ങില്‍ സിപിഎം തൃശൂര്‍ ജില്ലാസെക്രട്ടറി എം എം വര്‍ഗീസ് അധ്യക്ഷനായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com