ശുചീകരണ തൊഴിലാളിയുടെ അവസരോചിത ഇടപെടൽ; സിസിടിവി ക്യാമറ കടലാസ് വെച്ച് മറച്ച് എടിഎം തട്ടിപ്പിന് ശ്രമം; ഇതര സംസ്ഥാനക്കാരായ രണ്ട് പേർ പിടിയിൽ 

സിസിടിവി ക്യാമറ കടലാസ് വെച്ച് മറച്ച് എടിഎം തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരായ രണ്ട് പേരെ പിടികൂടി
ശുചീകരണ തൊഴിലാളിയുടെ അവസരോചിത ഇടപെടൽ; സിസിടിവി ക്യാമറ കടലാസ് വെച്ച് മറച്ച് എടിഎം തട്ടിപ്പിന് ശ്രമം; ഇതര സംസ്ഥാനക്കാരായ രണ്ട് പേർ പിടിയിൽ 

കൊച്ചി: സിസിടിവി ക്യാമറ കടലാസ് വെച്ച് മറച്ച് എടിഎം തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരായ രണ്ട് പേരെ പിടികൂടി. മട്ടാഞ്ചേരിയിലാണ് സംഭവം. ഹരിയാന സ്വദേശിയായ റിയാജു ഖാന്‍, രാജസ്ഥാന്‍ സ്വദേശി അമീന്‍ എന്നിവരെയാണ് നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടിയത്. ബാങ്കിലെ ശുചീകരണ തൊഴിലാളിയായ സുനിതയുടെ അവസരോചിതമായ ഇടപെടലാണ് തട്ടിപ്പ് തടയാന്‍ കാരണമായത്.

എസ്ബിഐ മട്ടാഞ്ചേരി ശാഖയില്‍ ഇന്ന് രാവിലെ 8.50ഓടെയാണ് സംഭവം. ബൈക്കിലെത്തിയ പ്രതികള്‍ കടലാസുകൊണ്ട് എടിഎമ്മിലെ ക്യാമറ മറച്ച് തട്ടിപ്പിന് ശ്രമിക്കുകയായിരുന്നു. ഈ സമയം ബാങ്കില്‍ സുനിതയും സെക്യൂരിറ്റിയും മറ്റൊരു ഉദ്യോഗസ്ഥനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാങ്കിലെ സിസിടിവിയില്‍ ദൃശ്യം പെട്ടെന്ന് മറഞ്ഞതു കണ്ട് സംശയം തോന്നിയ സുനിത ഉടന്‍ തന്നെ വിവരം മറ്റുള്ളവരെ അറിയിക്കുകയും അതേ കെട്ടിടത്തില്‍ തന്നെയുള്ള എടിഎമ്മിലേക്ക് ഓടിയെത്തുകയുമായിരുന്നു.

എടിഎമ്മിലെത്തിയ ജീവനക്കാരെ തള്ളിമാറ്റി പ്രതികള്‍ ഇറങ്ങി ഓടി. ഇതുകണ്ട് റോഡില്‍ ഉണ്ടായിരുന്ന ചുമട്ടു തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളുടെ കൈയിൽ പണവും നിരവധി എടിഎം കാര്‍ഡുകളും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. രണ്ട് എടിഎം കാര്‍ഡുകള്‍ ഓടുന്നതിനിടെ ഇവര്‍ ഒടിച്ചു കളയുകയും ചെയ്തു.

എടിഎമ്മില്‍ ഇവര്‍ ഏതുതരത്തിലുള്ള തട്ടിപ്പാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല. എടിഎമ്മിലെ പണം ഭാഗികമായി പിന്‍വലിച്ച് പണം നഷ്ടപ്പെട്ടതായി ബാങ്കില്‍ പരാതി നല്‍കാനായിരുന്നു ശ്രമമെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. ഇതിനുള്ള സാധ്യത ഉള്‍പ്പെടെ പരിശോധിച്ച് വരികയാണെന്ന് മട്ടാഞ്ചേരി സിഐ നവാസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com