കോഴിക്കോട് വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി മരിച്ചു

പുഴയിലേക്ക് ചാടും മുന്‍പ് പാലത്തില്‍ ഉപേക്ഷിച്ച ബാഗ് പരിശോധിച്ചാണ് വിദ്യാര്‍ത്ഥിനിയെ തിരിച്ചറിഞ്ഞത്.
കോഴിക്കോട് വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി മരിച്ചു

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് അറപ്പുര പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. ചെറക്കാട് കുന്നുമ്മല്‍ മുകുന്ദന്റെ മകള്‍ മനീഷയാണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. രണ്ട് മണിയോടെ മൃതദേഹം പുറത്തെടുത്തു.

പുഴയിലേക്ക് ചാടും മുന്‍പ് പാലത്തില്‍ ഉപേക്ഷിച്ച ബാഗ് പരിശോധിച്ചാണ് വിദ്യാര്‍ത്ഥിനിയെ തിരിച്ചറിഞ്ഞത്. ഇന്നലെ രാവിലെ 11 മണിക്കാണ് മനീഷ പുഴയില്‍ ചാടുന്നത്. സംഭവം നേരില്‍ക്കണ്ട ലോറി ഡ്രൈവര്‍ വണ്ടി നിര്‍ത്തി കയര്‍ എറിഞ്ഞ് നല്‍കിയെങ്കിലും രക്ഷപ്പെടുത്താനായില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തുടര്‍ന്ന് നാട്ടുകാര്‍ ചെറിയ തോണിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. പാതാളക്കരണ്ടി കയറില്‍ താഴ്ത്തി പെണ്‍കുട്ടി ചാടിയ ഭാഗത്ത് താഴ്ത്തിയെങ്കിലും കണ്ടെത്താനായില്ല. പന്തീരാങ്കാവ് പൊലീസ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ഫയര്‍ഫോഴ്‌സ് തിരച്ചില്‍ ആരംഭിച്ചത് ഏറെ വൈകിയാണ്. 

തുടര്‍പഠനത്തിന് പ്രവേശനം ലഭിക്കാത്തതില്‍ വിഷമത്തിലായിരുന്നു മനീഷയെന്ന് ബന്ധുക്കള്‍ പറയുന്നു. രാമനാട്ടുകര സേവാമന്ദിരം സ്‌കൂളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പ്ലസ്ടു പൂര്‍ത്തിയാക്കിയതാണ് വിദ്യാര്‍ത്ഥിനി. സിന്ധുവാണ് മനീഷയുടെ അമ്മ. സഹോദരന്‍ മിഥുന്‍. ശവസംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് നടത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com