ശബരിമല അതിക്രമം; പൊലീസ് ഉദാസീനത കാണിക്കുന്നുവെന്ന് ഹൈക്കോടതി

അക്രമം നടത്തിയവരില്‍ മൂന്ന് പൊലീസുകാരെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്‌തെന്നും മറ്റുള്ളവരെ തിരിച്ചറിയാനുണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
ശബരിമല അതിക്രമം; പൊലീസ് ഉദാസീനത കാണിക്കുന്നുവെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ പൊലീസ് നടത്തിയ അതിക്രമത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കത്തതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. പൊലീസിന്റെ ഉദാസീനത അപലപനീയമാണെന്ന് കോടതി നിരീക്ഷിച്ചു. പൊലീസ് അക്രമം നടത്തിയെന്നും വാഹനങ്ങളും ബൈക്കുകളുടെ ഹെല്‍മെറ്റുകളും അടിച്ച് തകര്‍ത്തുവെന്നുമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

അക്രമം നടത്തിയവരില്‍ മൂന്ന് പൊലീസുകാരെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്‌തെന്നും മറ്റുള്ളവരെ തിരിച്ചറിയാനുണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. വിവിധ ബറ്റാലിയനുകളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് ഇവരെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. തെരഞ്ഞെടുപ്പായതിനാല്‍ ഇവരെ സ്ഥലം മാറ്റിയിട്ടുണ്ടാവാനും സാധ്യതയുണ്ടെന്നും അറിയിച്ചു. എന്നാല്‍ ഈ വാദം വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ കാര്യശേഷിയുള്ളവരാണോ എന്ന മറുചോദ്യമാണ് ഉന്നയിച്ചത്.

ശബരിമലയില്‍ നിലവില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലെന്നും സമാധാന അന്തരീക്ഷം ഇല്ലായ്മ ചെയ്യാന്‍ ആരും ശ്രമിക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com