കളളന്മാരെ പഞ്ചായത്തംഗം കല്ലെറിഞ്ഞുവീഴ്ത്തി; പിന്നെ ഓട്ടം, ബൈക്കുമോഷണം, സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ഒടുവില്‍ പിടിയില്‍ 

വീട്ടില്‍ മോഷണത്തിനെത്തിയ 2 പേരെ പഞ്ചായത്തംഗം കല്ലെറിഞ്ഞു വീഴ്ത്തിയത് ഉള്‍പ്പെടെയുളള നാടകീയ സംഭവങ്ങള്‍ക്ക് ഒടുവില്‍ പ്രതികള്‍  പൊലീസിന്റെ പിടിയിലായി
കളളന്മാരെ പഞ്ചായത്തംഗം കല്ലെറിഞ്ഞുവീഴ്ത്തി; പിന്നെ ഓട്ടം, ബൈക്കുമോഷണം, സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ഒടുവില്‍ പിടിയില്‍ 

കോട്ടയം: വീട്ടില്‍ മോഷണത്തിനെത്തിയ 2 പേരെ പഞ്ചായത്തംഗം കല്ലെറിഞ്ഞു വീഴ്ത്തിയത് ഉള്‍പ്പെടെയുളള നാടകീയ സംഭവങ്ങള്‍ക്ക് ഒടുവില്‍ പ്രതികള്‍  പൊലീസിന്റെ പിടിയിലായി. ഈരാറ്റുപേട്ട ചിരട്ടപ്പാറയില്‍ സബീര്‍ (30), തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കാനാട്ടില്‍ രതീഷ്(26) എന്നിവരാണു പിടിയിലായത്.  വിവിധ സ്ഥലങ്ങളില്‍ നിന്നു മോഷ്ടിച്ച 3 ബൈക്കുകളാണ് ഇവര്‍ ഉപയോഗിച്ചത്.

വാഴൂര്‍ പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ കറുകച്ചാല്‍ കല്ലുതെക്കേല്‍ വാതല്ലൂര്‍ വി.എന്‍.മനോജിന്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ 1ന് മോഷണ ശ്രമം. മൂവാറ്റുപ്പുഴയില്‍ നിന്നു മോഷ്ടിച്ച ബൈക്കിലാണ് ഇവരെത്തിയത്. ബൈക്ക് വീടിനു സമീപം നിര്‍ത്തി  ഒരാള്‍ അകത്തുകയറി. ഉഷ്ണം കാരണം  മനോജ് വീടിന്റെ സിറ്റൗട്ടിലാണ് കിടന്നത്. മുന്‍വാതില്‍ പൂട്ടിയിരുന്നില്ല. ഇതിലൂടെയാണ് മോഷ്ടാവ് അകത്തുകയറിയത്. വാതിലില്‍ കിടന്ന താക്കോല്‍ ഉപയോഗിച്ച് മുറി പൂട്ടി.  മനോജിന്റെ അമ്മ കിടന്ന മുറിയില്‍ എത്തി മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഇവര്‍ ബഹളം വച്ചതോടെ മോഷ്ടാവ് പുറത്തേക്ക് ഓടി. ശബ്ദം കേട്ട് ഉണര്‍ന്ന മനോജ് പിന്നാലെ ചെന്നതോടെ വീടിനു പുറത്തു കാത്തു നിന്ന രതീഷ് ബൈക്കുമായി എത്തി. ബൈക്കില്‍ കടക്കാന്‍ ശ്രമിച്ച ഇവരെ  മനോജ് കല്ലെറിഞ്ഞു വീഴ്ത്തി. 

ഇതോടെ ബൈക്ക് ഉപേക്ഷിച്ചു സമീപത്തെ റബര്‍ തോട്ടത്തിലേക്ക് ഓടി മറഞ്ഞു. പള്ളിക്കത്തോട് പൊലീസ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല. പൊലീസ് പരിശോധന നടത്തുന്ന സമയത്ത് 200 മീറ്റര്‍ അകലെ  പുതുപ്പള്ളിക്കുന്നേല്‍ ശ്രീജിത്തിന്റെ വീട്ടില്‍ നിന്ന് ഇവര്‍  ബൈക്കു മോഷ്ടിച്ചു കടന്നു. ജില്ലയിലെ എല്ലാ സ്‌റ്റേഷനുകളിലേക്കും സന്ദേശം നല്‍കി. മോഷ്ടിച്ച ബൈക്കുമായി ഇവര്‍  പാലാ ഭാഗത്തേക്കു പോകവേ  ഇന്നലെ പുലര്‍ച്ചെ 3.45ന് കുമ്പാനി-മുത്തോലി റോഡില്‍ മീനച്ചില്‍കാവ് ഭാഗത്തെ വളവില്‍ അപകടത്തില്‍പ്പെട്ടു. പൊലീസിനെ കണ്ട് അമിതവേഗത്തില്‍ പായുന്നതിനിടെയാണ് ബൈക്ക് മറിഞ്ഞ്  സബീറിന് പരുക്കേറ്റത്.  ബൈക്ക് ഓടിച്ച രതീഷ് ബൈക്ക് ഉപേക്ഷിച്ച് ഓടി. 

പിന്നീട് പാലായില്‍ നിന്നു  ടാക്‌സി ഡ്രൈവര്‍ മീനച്ചില്‍ ചെരുവില്‍ രാധാകൃഷ്ണന്റെ ബൈക്ക് മോഷ്ടിച്ച് കടന്നു. ഏറ്റുമാനൂര്‍ ഭാഗത്ത് എത്തിയപ്പോള്‍ പെട്രോള്‍ തീര്‍ന്നതോടെ ബൈക്ക് വഴിയില്‍ ഉപേക്ഷിച്ചു. പിന്നീട് ബസില്‍ സഞ്ചരിക്കവേ വൈക്കം കൊതവറ ഭാഗത്ത് കോട്ടയം എസ്പിയുടെ സ്‌ക്വാഡും പൊലീസും ചേര്‍ന്ന് പിടികൂടി. ഇടുപ്പെല്ലിന് സാരമായി പരുക്കേറ്റ സബീറിനെ പാലാ പൊലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളില്‍ നിന്നാണു  രതീഷിന്റെ മൊബൈല്‍ നമ്പര്‍ കണ്ടെത്തി സൈബര്‍ സെല്ലിന്റെ സഹായത്തോടെ  പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com