ആര്‍എസ്എസിലേക്കും ബിജെപിയിലേക്കുമുള്ള പാലമാണ് ആര്‍എംപി, മുല്ലപ്പള്ളിയാണ് ആസൂത്രകന്‍ : കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പി ജയരാജന്‍

ഇടതുപക്ഷ ജനാധിപത്യ മുന്നണി ദേശീയ തെരഞ്ഞെടുപ്പില്‍ ചില നയങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്
ആര്‍എസ്എസിലേക്കും ബിജെപിയിലേക്കുമുള്ള പാലമാണ് ആര്‍എംപി, മുല്ലപ്പള്ളിയാണ് ആസൂത്രകന്‍ : കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പി ജയരാജന്‍


കണ്ണൂര്‍ : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരെന്നത് സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ലെന്ന് വടകരയിലെ ഇടതുസ്ഥാനാര്‍ത്ഥി പി ജയരാജന്‍. എതിരാളി ആരെന്ന് നോക്കിയല്ല സിപിഎം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പല വിധത്തിലുള്ള അപവാദപ്രചാരണമാണ് തനിക്കെതിരെ നടത്തുന്നത്. അതൊന്നും ഏശാന്‍ പോകുന്നില്ല. ആര്‍എംപി എന്ന ചെറിയ സംഘടനയെ വെച്ച് ആര്‍എസ്എസിലേക്കും ബിജെപിയിലേക്കുമുള്ള പാലം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസും ലീഗും ശ്രമിക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു. 

വടകര മണ്ഡലം മുമ്പ് കോലീബി സഖ്യത്തെ പരാജയപ്പെടുത്തിയതാണ്. ഇത്തരത്തില്‍ അവിശുദ്ധ സഖ്യം ഉണ്ടാക്കിയാല്‍ ഇടതുപക്ഷം വിജയം നേടുമെന്നാണ് ഇതുവരെയുള്ള പ്രചാരണത്തില്‍ നിന്നുള്ള അനുഭവം. കന്നി വോട്ടര്‍മാര്‍ എല്‍ഡിഎഫിന് അനുകൂലമാകുമെന്നും ജയരാജന്‍ പറഞ്ഞു. 

ഇടതുപക്ഷത്തിനെതിരായ അപവാദം പ്രചരിപ്പിക്കുക, ചില വലതുപക്ഷ മാധ്യമങ്ങള്‍ അതിന് കൂട്ടുനില്‍ക്കുക എന്നത് എല്ലാ കാലത്തും നടന്നിട്ടുണ്ട്. ഇപ്പോള്‍ വലതുപക്ഷത്ത് രണ്ട് കക്ഷികളാണ്. കോണ്‍ഗ്രസും ആര്‍എസ്എസും. ആ രണ്ടും പഴയ പടി പുതിയ കാലഘട്ടത്തിന് അനുസരിച്ച് തുടര്‍ന്നുകൊണ്ടിരിക്കുന്നു. 

ഇടതുപക്ഷ ജനാധിപത്യ മുന്നണി ദേശീയ തെരഞ്ഞെടുപ്പില്‍ ചില നയങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ആ നയങ്ങള്‍ക്ക് വോട്ടുചെയ്യുക എന്നാണ് ഇടതുപക്ഷം ആവശ്യപ്പെടുന്നത്. എതിര്‍സ്ഥാനാര്‍ത്ഥി ആരെന്ന് നോക്കിയല്ല തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി എങ്ങനെയാണ് വന്നതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നും ജയരാജന്‍ പറഞ്ഞു. 

മുല്ലപ്പള്ളി മല്‍സരിക്കാനില്ലെന്ന് പറഞ്ഞ് പിന്മാറി. പിന്നീട് പല പേരുകളും പരിഗണിച്ചു. അതൊന്നും വിജയിക്കാതെ വന്നപ്പോഴാണ്, ഒരു ആശ്വാസ സ്ഥാനാര്‍ത്ഥിയായി ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി വന്നതെന്ന് ജയരാജന്‍ പറഞ്ഞു. ആര്‍എംപിയെ കോണ്‍ഗ്രസ് ഉപകരണമാക്കുകയാണ്. മുല്ലപ്പള്ളിയാണ് ഇതിന്റെ ആസൂത്രകന്‍. ആര്‍എസ്എസിലേക്കും ബിജെപിയിലേക്കും പാലം സൃഷ്ടിക്കാനാണ് ആര്‍എംപി എന്ന ചെറിയ സംഘടനയെ കോണ്‍ഗ്രസ് ഉപയോഗിക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു. 

ചെര്‍പ്പുളശ്ശേരിയില്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ടായ പീഡനത്തെക്കുറിച്ച് തനിക്ക് അറിയില്ല. അറിയാത്ത കാര്യത്തെ കുറിച്ച് അഭിപ്രായം പറയുന്നില്ല. സംഭവം നടന്നത് തന്റെ മണ്ഡലത്തിലുമല്ല. എന്നാല്‍ സംഭവത്തിൽ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് അവിടത്തെ പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com