എകെജിക്കൊപ്പം നടന്ന, നായനാരെ വിറപ്പിച്ച കാസര്‍കോട്; ചെങ്കോട്ട തകര്‍ക്കാന്‍ ഉണ്ണിത്താന്‍, ശക്തി തെളിയിക്കാന്‍ ബിജെപി

ഐക്യകേരളം രൂപംകൊണ്ടതിന് ശേഷം നടന്ന പതിനഞ്ചില്‍ പന്ത്രണ്ട് തെരഞ്ഞെടുപ്പുകളിലും ഇടതിനൊപ്പം നിന്ന മണ്ഡലം. ആദ്യ മത്സരത്തില്‍ എകെ ഗോപാലനെ വിജയിപ്പിച്ച് ചെങ്കൊടി പിടിച്ച കാസര്‍കോട്
എകെജിക്കൊപ്പം നടന്ന, നായനാരെ വിറപ്പിച്ച കാസര്‍കോട്; ചെങ്കോട്ട തകര്‍ക്കാന്‍ ഉണ്ണിത്താന്‍, ശക്തി തെളിയിക്കാന്‍ ബിജെപി

ക്യകേരളം രൂപംകൊണ്ടതിന് ശേഷം നടന്ന പതിനഞ്ചില്‍ പന്ത്രണ്ട് തെരഞ്ഞെടുപ്പുകളിലും ഇടതിനൊപ്പം നിന്ന മണ്ഡലം. ആദ്യ മത്സരത്തില്‍ എകെ ഗോപാലനെ വിജയിപ്പിച്ച് ചെങ്കൊടി പിടിച്ച കാസര്‍കോട്. വലത്തേക്ക് നടന്നത് മൂന്നുതവണ മാത്രം. 1971ലും അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977ലെ തെരഞ്ഞെടുപ്പിലും ഇന്ദിരാ സഹതാപം നിറഞ്ഞുനിന്ന 1984ലും മാത്രം കേരളത്തിലെ വടക്കേയറ്റത്തെ മണ്ഡലം കോണ്‍ഗ്രസിനൊപ്പം നടന്നു. 1957ലും 1962ലും 1967നും എകെജിയെ വിജയിപ്പിച്ചു ഡല്‍ഹിയ്ക്ക് അയച്ചു കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട്കാര്‍. 

1971ല്‍ കോണ്‍ഗ്രസ് ആദ്യമായി കാസര്‍കോട് ജയിച്ചത് കേരള കണ്ട ഏറ്റവും വലിയ അട്ടിമറി എന്ന  ചരിത്രം കുറിച്ചുകൊണ്ടാണ്. സിപിഎമ്മിന്റെ മറുവാക്കില്ലാത്ത നേതാവ് ഇകെ നായനാരെ മലര്‍ത്തിയടിച്ചത് കെഎസ്‌യു നേതാവിയിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളി. നായനാരെ 28,404 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാമചന്ദ്രന്‍ തോല്‍പിച്ചത്. തുടര്‍ന്ന് 1977ലും കടന്നപ്പള്ളി ജയിച്ചു. പിന്നീട് കോണ്‍ഗ്രസ് എസില്‍ പോയ രാമചന്ദ്രന്‍ കടന്നപ്പള്ളി ഇപ്പോള്‍ എല്‍ഡിഎഫ് മന്ത്രിസഭയിലെ തുറമുഖ വകുപ്പ് മന്ത്രി. 

2004മുതല്‍ 2014വരെ മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ചത് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍. 2014ല്‍ പി കരുണാകരന്‍ കോണ്‍ഗ്രസിലെ ടി സിദ്ദിഖിനെ തോല്‍പ്പിച്ചത് 6921 വോട്ടിന്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മണ്ഡലം ശ്രദ്ധാകേന്ദ്രമാണ്, പെരിയ ഇരട്ടക്കൊപാതകവും അക്രമരാഷ്ട്രീയവും ചര്‍ച്ചയാകുമ്പോള്‍ മണ്ഡലത്തിലെ ബിജെപി സാന്നിധ്യം ശക്താമായ തൃകോണ മത്സരിത്തിന് വേദിയൊരുക്കുന്നു. ഇത്തവണ കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങുന്നത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. സിപിഎമ്മിന് വേണ്ടി കെപി സതീഷ് ചന്ദ്രന്‍, ബിജെപിയ്ക്ക് വേണ്ടി രവീശ തന്ത്രിയും രംഗത്തിറങ്ങുന്നു.


2014 ലോക്‌സഭ തെരഞ്ഞെടുപ്പ്

മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി എന്നിവയാണ് കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങള്‍. ഇതില്‍ കാസര്‍കോടും മഞ്ചേശ്വരവും ഉദുമയും കോണ്‍ഗ്രസിനൊപ്പം നിന്നു. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍,കല്ല്യാശ്ശേരി മണ്ഡലങ്ങള്‍ ചുവപ്പുകോട്ടയായി. മോദി തരംഗത്തിന്റെ ബലത്തില്‍ മണ്ഡലം പിടിക്കാനിറങ്ങിയ ബിജെപിയുടെ കെ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കെ സുരേന്ദ്രന്‍ നേടിയത് 1722826 വോട്ട്. പി. കരുണാകരനെക്കാള്‍ 212138 വോട്ട് കുറവ്. പക്ഷേ മഞ്ചേശ്വരത്തും കാസര്‍കോടും സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തെത്തി. രണ്ട് വര്‍ഷം കഴിഞ്ഞു നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് സുരേന്ദ്രന്‍ നേടിയത്. വിജയം നഷ്ടപ്പെട്ട്ത് കപ്പിനും ചുണ്ടിനുമിടയില്‍. 

2016 നിയമസഭ തെഞ്ഞെടുപ്പ്

2016ലെ നിയസമഭ തെരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം കാറ്റ് മാറിവീശി. മഞ്ചേശ്വരവും കാസര്‍കോടും മാത്രം യുഡിഎഫിനൊപ്പം നിന്നു. മഞ്ചേശ്വരത്തെ റിസള്‍ട്ട് കോടതി കയറി. യുഡിഎഫ് സ്ഥാനാര്‍ത്ഥി പിബി അബ്ദുള്‍ റസാഖിനോട് ബിജെപിയുടെ കെ സുരേന്ദ്രന്‍ തോറ്റത് 89 വോട്ടിന്. കള്ളവോട്ട് നടന്നു എന്നാരോപിച്ച് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചു. 2018ല്‍ പിബി അബ്ദുള്‍ റസാഖ് അന്തരിച്ചു. സുരേന്ദ്രന്‍ കേസ് പിന്‍വലിച്ചു. നിയസഭ ഉപതെരഞ്ഞെടുപ്പിന് ഇതോടെ മണ്ഡലത്തില്‍ കളമൊരുങ്ങും. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍,പയ്യന്നൂര്‍, കല്ല്യാശ്ശേരി മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പം നിന്നു. 

ആകെ വോട്ടര്‍മാര്‍ 1324387   
സ്ത്രീകള്‍ 687696
പുരുഷന്‍മാര്‍ 636689
ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് 2
ആകെ വോട്ട്  1240463
പോള്‍ ചെയ്തത്  973613

 
വോട്ടുനില (2014)

പി കരുണാകരന്‍ (എല്‍ഡിഎഫ്) 384964 
ടി സിദ്ദിഖ് (യുഡിഎഫ്) 378043
കെ സുരേന്ദ്രന്‍ (ബിജെപി) 172826
ഭൂരിപക്ഷം  6921

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com