എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു ; 98.11 ശതമാനം വിജയം

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു ; 98.11 ശതമാനം വിജയം

ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ട ജില്ലക്കാണ്.37,334 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു.

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ വിജയശതമാനം 98.11 ശതമാനമാണെന്ന് ഫലം പ്രഖ്യാപിച്ചുകൊണ്ട് ഡിപിഐ അറിയിച്ചു. പരീക്ഷ എഴുതിയ കുട്ടികളിൽ 4,26,513 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. കഴിഞ്ഞ വർഷം വിജയശതമാനം 97.84 ശതമാനം ആയിരുന്നുവെന്ന് ഡിപിഐ അറിയിച്ചു. 

37,334 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ട ജില്ലക്കാണ്. 99.33 ശതമാനം. ഏറ്റവും കുറവ് വിജയം വയനാട്ടിലാണ്. 93.22 ശതമാനം. ഏറ്റവും കൂടുതൽ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്. 99.9 ശതമാനം. ഏറ്റവും കുറവ് വയനാട് 93.22 ശതമാനം. മലപ്പുറമാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല.  2493 കുട്ടികൾക്കാണ് എ പ്ലസ് ലഭിച്ചത്.  

ഇത്തവണ ആർക്കും മോഡറേഷൻ നൽകിയിട്ടില്ലെന്ന് ഡിപിഐ അറിയിച്ചു. ആരുടെയും ഫലം തടഞ്ഞുവെച്ചിട്ടുമില്ല. 599 സർക്കാർ സ്കൂളുകൾ നൂറുമേനി വിജയം നേടി. കഴിഞ്ഞതവണ ഇത് 517 ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സേ പരീക്ഷ ഈ മാസം 20 മുതൽ 25 വരെ എഴുതാം. പരമാവധി മൂന്ന് വിഷയം എഴുതാമെന്നും ഡിപിഐ അറിയിച്ചു. 

www.keralapareekshabhavan.in, www.results.kerala.nic.in, www.results.kite.kerala.gov.in, sslcexam.kerala.gov.in and www. prd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ഫലം അറിയാനാവും. പിആർഡി ലൈവ്, സഫലം ആപ്പുകൾ വഴിയും ഫലമറിയാം.

വ്യക്തിഗത റിസൽറ്റിനു പുറമെ സ്കൂൾ,വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽറ്റ് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്‌സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും 'റിസൽറ്റ് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ  ലഭ്യമാകും. 

നാലുലക്ഷത്തി പതിനയ്യായിരം  വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 2,12,615 പെണ്‍കുട്ടികളും 2,22,527 ആണ്‍കുട്ടികളും. ലക്ഷദ്വീപിലും ഗള്‍ഫിലും കേന്ദ്രങ്ങളുണ്ടായിരുന്നു. സ്വകാര്യ രജിസ്‌ട്രേഷനിലൂടെ 1867 കുട്ടികളും പരീക്ഷയെഴുതിയിരുന്നു. ആകെ പരീക്ഷ എഴുതിയവര്‍ 4, 35,142. 

മാർച്ച് പതിമൂന്ന് മുതൽ 28 വരെ ആയിരുന്നു എസ്.എസ്.എൽ.സി. പരീക്ഷകൾ നടന്നത്. മുഴുവന്‍സമയ പൊതുവിദ്യാഭ്യാസ ഡയറക്ടറില്ലാതെയാണ് ഇത്തവണ മൂല്യനിര്‍ണയപ്രക്രിയ പൂര്‍ത്തിയാക്കിയത് എന്ന പ്രത്യേകതയുമുണ്ട്.14 ദിവസം കൊണ്ടാണ് മൂല്യനിർണയം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com