മികച്ച വിജയം കാണാന്‍ അവന്‍ ഇല്ല, പരീക്ഷഫലം വന്ന ദിവസം കണ്ടെത്തിയത് ആശിര്‍വാദിന്റെ മൃതദേഹം; അച്ഛന് കൂട്ടായ് മകനും

രണ്ടാഴ്ച മുന്‍പ് കാണാതായ വാവക്കാട്ട് അറുകാട്ട് മണിലാലിന്റെ മകന്‍ ആശിര്‍വാദിന്റെ(16) മൃതദേഹമാണ് അഴീക്കോട് മുനക്കലില്‍ നിന്ന് കണ്ടെത്തിയത്
മികച്ച വിജയം കാണാന്‍ അവന്‍ ഇല്ല, പരീക്ഷഫലം വന്ന ദിവസം കണ്ടെത്തിയത് ആശിര്‍വാദിന്റെ മൃതദേഹം; അച്ഛന് കൂട്ടായ് മകനും

കൊച്ചി; അച്ഛന്‍ മരിച്ചതില്‍ മനംനൊന്ത് വീടുവിട്ടിറങ്ങിയ പത്താംക്ലാസുകാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. രണ്ടാഴ്ച മുന്‍പ് കാണാതായ വാവക്കാട്ട് അറുകാട്ട് മണിലാലിന്റെ മകന്‍ ആശിര്‍വാദിന്റെ(16) മൃതദേഹമാണ് അഴീക്കോട് മുനക്കലില്‍ നിന്ന് കണ്ടെത്തിയത്. പത്താംക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയത് കാണാന്‍ പോലും നില്‍ക്കാതെയാണ് അച്ഛന്‍ പോയ ലോകത്തേക്ക് ആശിര്‍വാദ് മടങ്ങിയത്. 
 
പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയായ ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തി. ദേശീയപാതയില്‍ മൂത്തകുന്നം കോട്ടപ്പുറം പാലത്തിനു സമീപത്തു സൈക്കിള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ പൊലീസും ആശിര്‍വാദ് പുഴയില്‍ ചാടിയെന്ന നിഗമമത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസും കോസ്റ്റ് ഗാര്‍ഡും കായലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇന്നലെ രാവിലെ അഴീക്കോട് മുനക്കലില്‍ പുലിമൂട്ടിനു സമീപം മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹായത്തോടെ കരയ്‌ക്കെത്തിച്ചു. അച്ഛന്‍ മരിച്ചതിന്റെ മനോവിഷമത്തിലായിരുന്നു ആശിര്‍വാദെന്ന് പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ അമൃത വിദ്യാലയത്തിലെ വിദ്യാര്‍ഥി ആയിരുന്നു. പ്രളയത്തില്‍ ഇവരുടെ വീട് തകര്‍ന്നതിനെ തുടര്‍ന്ന് വാവക്കാട് വാടക വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. അമ്മ: ബിന്ദു. സഹോദരന്‍: ആദര്‍ശ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com