'സിപിഐയുടെ ഭൂരിഭാഗം വോട്ടും ലഭിച്ചത് യുഡിഎഫിന്'; എറണാകുളത്ത് ബിജെപി വോട്ടുമറിച്ചെന്ന സിപിഐ ആരോപണം തള്ളി കോണ്‍ഗ്രസ്

'തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഐ വേണ്ടത്ര സഹായിച്ചില്ലെന്ന സിപിഎമ്മിന്റെ പരാതി മറയ്ക്കാനാണ് രാജു ആരോപണം ഉന്നയിക്കുന്നത് എന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി'
'സിപിഐയുടെ ഭൂരിഭാഗം വോട്ടും ലഭിച്ചത് യുഡിഎഫിന്'; എറണാകുളത്ത് ബിജെപി വോട്ടുമറിച്ചെന്ന സിപിഐ ആരോപണം തള്ളി കോണ്‍ഗ്രസ്

കൊച്ചി; എറണാകുളം മണ്ഡലത്തില്‍ ബിജെപി യുഡിഎഫിന് വോട്ടു മറിച്ചെന്ന ആരോപണവുമായി സിപിഐ. തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും നീക്കുപോക്കു നടത്തിയതിന് വ്യക്തമായ സൂചനകളുണ്ടെന്ന ആരോപണവുമായി സിപിഐ ജില്ലാ സെക്രട്ടറി പി.രാജുവാണ് രംഗത്തെത്തിയത്. എന്നാല്‍ സിപിഐ ഐരോപണം കോണ്‍ഗ്രസും ബിജെപിയും തള്ളി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഐ വേണ്ടത്ര സഹായിച്ചില്ലെന്ന സിപിഎമ്മിന്റെ പരാതി മറയ്ക്കാനാണ് രാജു ആരോപണം ഉന്നയിക്കുന്നത് എന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. 

ബിജെപിക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലെ ബൂത്തുകളില്‍ പോലും ഏജന്റുമാര്‍ ഉണ്ടായിരുന്നില്ലെന്നും ഇത് യു.ഡി.എഫുമായുള്ള സഹകരണത്തിന്റെ ഭാഗമാണെന്നുമാണ് പി.രാജു പറഞ്ഞത്. എന്നാല്‍ പി.രാജീവും പി.രാജുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എംഎല്‍എയുടെ മറുപടി. 

'പി. രാജു സിപിഐയുടെയും പി. രാജീവ് സിപിഎമ്മിന്റെയും ജില്ല സെക്രട്ടറിമാരായിരിക്കെ ഇരുപാര്‍ട്ടിയും തമ്മിലെ ഏറ്റുമുട്ടല്‍ എല്ലാവര്‍ക്കും അറിയാം. അതിന്റെ ഭാഗമായി പലയിടത്തും സിപിഐയുടെ വോട്ട് രാജീവിന് കിട്ടിയിട്ടില്ല. രാജുവിന്റെ നാടായ പറവൂരില്‍ സിപിഐയുടെ ഭൂരിഭാഗം വോട്ടും യുഡിഎഫിനാണ് ലഭിച്ചത്. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നൊഴിയാനാണ് കോണ്‍ഗ്രസിന് ബിജെപിയുടെ വോട്ട് കിട്ടിയെന്ന് സിപിഐ ആരോപിക്കുന്നത്' വി.ഡി സതീശന്‍ പറഞ്ഞു. 

ബിജെപിയും രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. വോട്ട് മറിക്കല്‍ സിപിഐയുടെ പാരമ്പര്യമാണെന്ന് ബിജെപി ജില്ല പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് പ്രതികരിച്ചു. രാജീവ് തോല്‍ക്കുമ്പോള്‍ മുന്നണി നേതൃത്വത്തിന് വിശദീകരണം നല്‍കാന്‍ മുന്‍കൂട്ടി കണ്ടെത്തിയ അടവുനയമാണ് രാജുവിന്റെ ആരോപണമെന്നും മോഹന്‍ദാസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com