കെവിൻ വധക്കേസ്; സാക്ഷിയെ മർദിച്ചെന്ന പരാതി; രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി

കോടതിയിൽ മൊഴി മാറ്റണമെന്ന ആവശ്യം നിരസിച്ച സാക്ഷിയെ മർദിച്ചെന്ന പരാതിയിലാണ് രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്
കെവിൻ വധക്കേസ്; സാക്ഷിയെ മർദിച്ചെന്ന പരാതി; രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി

കോട്ടയം: കെവിൻ വധക്കേസിൽ രണ്ട് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. കോടതിയിൽ മൊഴി മാറ്റണമെന്ന ആവശ്യം നിരസിച്ച സാക്ഷിയെ മർദിച്ചെന്ന പരാതിയിലാണ് രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. 37ാം സാക്ഷി പുനലൂർ ലക്ഷ്മി വിലാസത്തിൽ രാജേഷാണു മർദനമേറ്റതായി മൊഴി നൽകിയത്. ആറാം പ്രതി മനു മുരളീധരൻ, 13ാം പ്രതി ഷിനു നാസർ എന്നിവർ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായാണു മൊഴി. ഇതോടെ ഇരു പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി. തുടർന്ന് ഇവരെ റിമാൻഡ് ചെയ്തു.

കേസിലെ 11ാം പ്രതി ഫസൽ ഷെരീഫിന്റെ സുഹൃത്താണു രാജേഷ്. കോടതിയിൽ സാക്ഷി പറയുന്നതിനു ഞായറാഴ്ച രാത്രി  കോട്ടയത്തേക്കു പുറപ്പെട്ടതായിരുന്നു രാജേഷ്. പുനലൂർ ശ്രീ രാമവർമപുരം മാർക്കറ്റ് ജം​ഗ്ഷനിൽ മനു മുരളീധരനും ഷിനു നാസറും കൂടെ മറ്റു രണ്ട് പേരും എത്തി. പ്രതികൾക്ക് അനുകൂലമായി കോടതിയിൽ മൊഴി നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. നിരസിച്ചതോടെ പ്രതികളും കൂടെ വന്നവരും ചേർന്നു മർദിച്ചതായി രാജേഷ് പറഞ്ഞു. ഇവരുടെ  ജാമ്യം റദ്ദാക്കണമെന്നു പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഉച്ചയ്ക്കു ശേഷം പ്രത്യേകമായി ചേർന്ന കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഉത്തരവിടുകയായിരുന്നു. സാക്ഷിയെ മർദിച്ച കേസു കൂടി ഇരുവർക്കുമെതിരെ പൊലീസ് ചുമത്തും.

സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്യുന്നതു പൂർണമായ വിചാരണ നടത്തുന്നതിനു തടസം സൃഷ‌്ടിക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രതികൾ ജാമ്യം ദുരുപയോഗം ചെയ്തതായും ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്ന സാഹചര്യമുണ്ടായതായും ഇതിനാലാണു ജാമ്യം റദ്ദാക്കുന്നതായും ഉത്തരവിൽ പറയുന്നു. 

കേസിലുള്ള 14 പ്രതികളിൽ ഏഴ് പ്രതികൾ അറസ്റ്റിലായതു മുതൽ റിമാൻഡിലാണ്. ഇവരുടെ ജാമ്യ ഹർജി സുപ്രീം കോടതിയിൽ വരെ എത്തിയിരുന്നു. കെവിന് ജാതി സർട്ടിഫിക്കറ്റ് നൽകിയ അന്നത്തെ കോട്ടയം തഹസിൽദാർ ബി അശോക് കുമാറും ഇന്നലെ കോടതിയിൽ മൊഴി നൽകാനെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com