'എല്ലാവർക്കും ധന സഹായമെത്തിക്കും'; ജനങ്ങളിൽ നിന്ന് വിവരങ്ങൾ തേടാൻ മഹിളാ മോർച്ച 

പ്രളയ ദുരിതാശ്വാസം എത്രമാത്രം ജനങ്ങളിലേക്ക് എത്തിയെന്നതിന്റെ യഥാർഥ വസ്തുത പഠിക്കാനും അത് അധികാരികളുടെ മുന്നിൽ അവതരിപ്പിക്കാനുമായി ബിജെപി മഹിളാ മോർച്ച രം​ഗത്തിറങ്ങുന്നു
'എല്ലാവർക്കും ധന സഹായമെത്തിക്കും'; ജനങ്ങളിൽ നിന്ന് വിവരങ്ങൾ തേടാൻ മഹിളാ മോർച്ച 

കൊച്ചി: പ്രളയ ദുരിതാശ്വാസം എത്രമാത്രം ജനങ്ങളിലേക്ക് എത്തിയെന്നതിന്റെ യഥാർഥ വസ്തുത പഠിക്കാനും അത് അധികാരികളുടെ മുന്നിൽ അവതരിപ്പിക്കാനുമായി ബിജെപി മഹിളാ മോർച്ച രം​ഗത്തിറങ്ങുന്നു. പ്രളയ ദുരിതം അനുഭവിച്ചവർക്ക് സംസ്ഥാന സർക്കാർ ആദ്യം പ്രഖ്യാപിച്ച പതിനായിരം രൂപയും തുടർന്ന് പ്രഖ്യാപിച്ച ധനസഹായവും എത്രമാത്രം കിട്ടിയെന്ന പരിശോധനയാണ് നടത്തുന്നത്.

എറണാകുളം ജില്ലയിലാണ് ആദ്യം ജനങ്ങളിൽ നിന്ന് വിവരങ്ങൾ തേടുന്നത്. ഇതിനായി പ്രളയ  ബാധിത പ്രദേശങ്ങളിലെ വീടുകൾ പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുമായി മഹിളാ മോർച്ച പ്രവർത്തകർ സന്ദർശിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പത്മ എസ് മേനോൻ പറഞ്ഞു. 

ഓരോ വീടും കയറിയിറങ്ങി യഥാർഥ അവസ്ഥ ശേഖരിക്കും. അത് ജില്ലാ കലക്ടർക്ക് സമർപ്പിക്കും. വസ്തുതാ പഠനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതായി മഹിളാ മോർച്ച നിയമ നടപടികൾ സ്വീകരിക്കും. 

പലയിടത്തും പാർട്ടി പരി​ഗണനകൾ നോക്കിയാണ് പ്രളയ ബാധിതർക്ക് സഹായം ലഭിച്ചിരിക്കുന്നത്. ചിലർക്ക് വീടു വെയ്ക്കാൻ പണം ലഭിച്ചപ്പോൾ വ്യക്തമായ കാരണം പോലും പറയാതെ ചിലർക്ക് അത് നിഷേധിച്ചിരിക്കുകയാണ്. പാർട്ടികൾ കണക്കിലെടുക്കാതെ അവകാശപ്പെട്ട എല്ലാവർക്കും ധന സഹായം എത്തിക്കുകയാണ് ലക്ഷ്യം. 

പ്രളയത്തോടനുബന്ധിച്ച പ്രയാസങ്ങൾ മൂലം ആത്മഹത്യ ചെയ്തവരുണ്ട്. അസുഖ ബാധിതരും അപകടങ്ങളിൽ മരിച്ചവരും ഉണ്ട്. അവരുടെയെല്ലാം കുടുംബത്തിന് നഷ്ട പരിഹാരം ലഭിക്കേണ്ടതുണ്ട്. വസ്തു നഷ്ടപ്പെട്ടവരും ജോലി നഷ്ടമായവരും പഠിപ്പ് മുടങ്ങിയവരും വിവിധ സർട്ടിഫിക്കറ്റ് നഷ്ടമായവരുമെല്ലാമുണ്ട്. അവർക്കെല്ലാം സഹായം കിട്ടേണ്ടതുണ്ട്. ഇവരുടെയെല്ലാം വിവരങ്ങൾ ശേഖരിച്ച് സർക്കാരിന് കൈമാറും. ഇവർക്കെല്ലാം സഹായം നൽകുന്നതിൽ സർക്കാർ നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിച്ചത്. 

പ്രളയം മനുഷ്യനിർമിതമെന്ന് അമിക്കസ് ക്യൂറിയും വിദ​ഗ്ധരുമെല്ലാം പറയുമ്പോഴും മഴയെ പഴിചാരി രക്ഷപ്പെടുകയാണ് സർക്കാർ. പ്രളയ ദുരന്തത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരുന്നതിനായി മഹിളാ മോർച്ച നടപടികൾ സ്വീകരിക്കുമെന്നും പത്മജ എസ് മേനോൻ പത്രസമ്മേളനത്തിൽ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com