അന്ന് ട്വന്റി- ട്വന്റിയായിരുന്നു; ഇന്ന് 20ൽ 19 സീറ്റുകൾ; വീണ്ടും കേരളത്തിന്റെ രാഷ്ട്രീയ കാറ്റ് കേന്ദ്രത്തിന് എതിർ ദിശയിൽ

കേരളത്തിന്റെ രാഷ്ട്രീയ കാറ്റ് കേന്ദ്രത്തിന് എതിർ ദിശയിലാണെന്ന് തെളിയിക്കുന്ന മറ്റൊരു തെരഞ്ഞെടുപ്പ് വിധി കൂടി
അന്ന് ട്വന്റി- ട്വന്റിയായിരുന്നു; ഇന്ന് 20ൽ 19 സീറ്റുകൾ; വീണ്ടും കേരളത്തിന്റെ രാഷ്ട്രീയ കാറ്റ് കേന്ദ്രത്തിന് എതിർ ദിശയിൽ

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ കാറ്റ് കേന്ദ്രത്തിന് എതിർ ദിശയിലാണെന്ന് തെളിയിക്കുന്ന മറ്റൊരു തെരഞ്ഞെടുപ്പ് വിധി കൂടി. ദേശീയ തലത്തിൽ കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ കേരളത്തിൽ 20ൽ 19 മണ്ഡലങ്ങളും യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിന് ആശ്വാസമായത് ആലപ്പുഴ മാത്രം. 

യു‍ഡിഎഫിന്റെ ഈ വിജയം ചരിത്രത്തിന്റെ പുനരാവർത്തനം കൂടിയാണ്. ഇതിന് മുൻപ് ദേശീയ തലത്തിൽ കനത്ത പരാജയം കോൺ​ഗ്രസ് സഖ്യം  നേരിട്ടപ്പോഴും കേരളത്തിൽ യുഡിഎഫ് വിജയിച്ചിട്ടുണ്ട്. 1977ലായിരുന്നു ഇത്. അന്ന് 20ൽ 20 സീറ്റും നേടിയായിരുന്നു കേരളത്തിന്റെ എതിർ ദിശയിലേക്കുള്ള മാറി നിൽപ്പ്. 

1975ൽ ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിലെ മറക്കാനാവാത്ത ഏടുകളിലൊന്നാണ്. ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യത്തോടുള്ള എതിർപ്പെന്നോണം കോൺഗ്രസിനെ പാടെ തകർത്ത്  ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തിലേറി. കോൺഗ്രസിന് ആദ്യമായി ഏറ്റ കനത്ത തിരിച്ചടിയായിരുന്നു ഇത്. 153 സീറ്റു കൊണ്ട് അന്ന് തൃപ്തിപ്പെടേണ്ടി വന്നു. ഈ അവസ്ഥയിലായിരുന്നു കേരളത്തിൽ യുഡിഎഫിന്റെ അന്നത്തെ ട്വന്റി ട്വന്റി.

1984ൽ ഇന്ദിരാ ഗാന്ധിയുടെ വധത്തിന് ശേഷം നടത്തിയ തെരഞ്ഞെടുപ്പിലും സഹതാപ തരംഗം കേരളത്തിൽ കോൺഗ്രസിന് അനുകൂലമായി. ഏഴ് വർഷങ്ങൾക്കിപ്പുറം നടത്തിയ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കേരളത്തിൽ 15 സീറ്റ് നേടിയപ്പോൾ എല്‍ഡിഎഫ് അഞ്ചിലൊതുങ്ങി. 1991ൽ രാജീവ് ഗാന്ധി വധത്തിന് ശേഷം നടത്തിയ തെരഞ്ഞെടുപ്പിലും കോൺഗ്രസ് നേട്ടം കൊയ്തു. സഹതാപ തരംഗത്തില്‍ എല്‍ഡിഎഫ് ഒലിച്ചു പോയി. കോണ്‍ഗ്രസ് 13, മുസ്ലിം ലീ​ഗ് രണ്ട്, കേരള കോണ്‍ഗ്രസ് ഒന്ന് എന്നിങ്ങനെയായിരുന്നു യുഡിഎഫ് കക്ഷി നില. സിപിഎമ്മിന് മൂന്ന് സീറ്റാണ് ലഭിച്ചത്. 

2019ൽ ആലപ്പുഴ സീറ്റിൽ കൂടി വിജയം നേടിയിരുന്നെങ്കിൽ 1977ന്റെ പുനരാവർത്തനമെന്ന ചരിത്ര നിമിഷം പിറക്കുമായിരുന്നു. എന്നാൽ എൽഡിഎഫിന് ഏക ആശ്വാസമെന്നോണം ആലപ്പുഴ ലഭിച്ചു. സിപിഎം കുത്തകയെന്ന് അറിയപ്പെടുന്ന പാലക്കാട്, ആറ്റിങ്ങല്‍, കാസര്‍കോട്, ആലത്തൂര്‍ മണ്ഡലങ്ങൾ യുഡിഎഫ് തൂത്തുവാരി. പ്രളയവും ശബരിമല വിഷയവുമെല്ലാം എൽഡിഎഫിന് തിരിച്ചടിയായപ്പോൾ കേരളത്തിൽ നേട്ടം കൊയ്തത് യുഡിഎഫാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com