സിപിഎമ്മിന് ദേശീയപാര്‍ട്ടി പദവി നഷ്ടമാകില്ല ; സിപിഐയുടെ പദവി തുലാസില്‍

ദേശീയ പാര്‍ട്ടി പദത്തിന് മൂന്ന് മാനദണ്ഡങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്
സിപിഎമ്മിന് ദേശീയപാര്‍ട്ടി പദവി നഷ്ടമാകില്ല ; സിപിഐയുടെ പദവി തുലാസില്‍

ന്യൂഡല്‍ഹി : സിപിഎമ്മിന് ദേശീയ പദവി നഷ്ടമാകില്ല. തമിഴ്‌നാട്ടില്‍ രണ്ട് സീറ്റില്‍ വിജയിച്ചതോടെയാണ് ദേശീയപാര്‍ട്ടി പദവി നിലനിര്‍ത്താന്‍ സിപിഎമ്മിനായത്. കേരളത്തില്‍ നിന്നുള്ള എഎം ആരിഫ് ഉള്‍പ്പെടെ മൂന്ന് അംഗങ്ങളാണ് പുതിയ ലോക്‌സഭയില്‍ സിപിഎമ്മിനുള്ളത്. 

അതേസമയം ഇടതുപക്ഷത്തെ മറ്റൊരു പ്രമുഖ പാര്‍ട്ടിയായ സിപിഐക്ക് ദേശീയപദവി നഷ്ടമാകും. ദേശീയ പാര്‍ട്ടി പദത്തിന് മൂന്ന് മാനദണ്ഡങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. 

1. ഒടുവില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ( ലോക്‌സഭ/സംസ്ഥാന നിയമസഭ) നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സാധുവായ വോട്ടിന്റെ ആറുശതമാനമെങ്കിലും കരസ്ഥമാക്കണം. കൂടാതെ, ആ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും സംസ്ഥാനത്തോ, സംസ്ഥാനങ്ങളില്‍ നിന്നോ ലോക്‌സഭയിലേക്ക് കുറഞ്ഞത് നാല് അംഗങ്ങളെയെങ്കിലും വിജയിപ്പിക്കണം

2. ഒടുവില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൊത്തം ലോക്‌സഭ സീറ്റിന്റെ (543) രണ്ടുശതമാനത്തില്‍ (11 അംഗങ്ങള്‍) കുറയാത്ത അംഗങ്ങള്‍ വിജയിച്ചിരിക്കണം. അവര്‍ മൂന്നില്‍ കുറയാതെ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം

3. നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരം. 

ഇതില്‍ മൂന്നാമത്തെ നിബന്ധനയുടെ ബലത്തിലാണ് സിപിഎം ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തുന്നത്. 2029 വരെ ഇതുതുടരും. സിപിഐയുടെ ദേശീയപാര്‍ട്ടി പദവി നഷ്ടമായെങ്കിലും 2021 ലായിരിക്കും പ്രാബല്യത്തിലാകുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com