യുഎപിഎ കേസ് മാവോയിസ്റ്റ് വേട്ടയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍; പൊലീസിന്റേത് നിഗൂഢ നീക്കങ്ങള്‍: കടുത്ത വിമര്‍ശനവുമായി സിപിഐ മുഖപത്രം

കോഴിക്കോട് രണ്ട് സിപിഎം പ്രവര്‍ത്തകരായ വിദ്യര്‍ത്ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന് എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സിപിഐ മുഖപത്രം
യുഎപിഎ കേസ് മാവോയിസ്റ്റ് വേട്ടയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍; പൊലീസിന്റേത് നിഗൂഢ നീക്കങ്ങള്‍: കടുത്ത വിമര്‍ശനവുമായി സിപിഐ മുഖപത്രം

കൊച്ചി: കോഴിക്കോട് രണ്ട് സിപിഎം പ്രവര്‍ത്തകരായ വിദ്യര്‍ത്ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന് എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സിപിഐ മുഖപത്രം ജനയുഗത്തില്‍ എഡിറ്റോറിയല്‍. അഗളിയില്‍ നടന്ന വ്യാജ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പൊലീസ് യുഎപിഎ കേസുമായി രംഗത്തെത്തിയത് എന്നാണ് സിപിഐ മുഖപത്രത്തിന്റെ വിമര്‍ശനം. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കും യുഎപിഎ കേസിനുമെതിരെ സിപിഐ നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നതിന് പിന്നാലെയാണ് പാര്‍ട്ടി പത്രത്തില്‍ മുഖപ്രസംഗം വന്നിരിക്കുന്നത്.

'പന്തീരാങ്കാവ് അറസ്റ്റിന്റെ പിന്നാമ്പുറം അത്യന്തം സംശയകരമായി തുടരുന്ന അട്ടപ്പാടി മഞ്ചിക്കണ്ടി വനാന്തരത്തിലെ വ്യാജ ഏറ്റുമുട്ടലാണ് എന്ന കാര്യത്തില്‍ സംശയമില്ല. വിദ്യാര്‍ഥികളെ പിടികൂടി കരിനിയമം ചുമത്തിയതോടെ കാടിനുള്ളിലെ കൊടുംക്രൂരതയുടെ വാര്‍ത്തകള്‍ വഴിതിരിഞ്ഞുവെന്നത് ശ്രദ്ധേയം. വനത്തില്‍ പൊലീസും തണ്ടര്‍ബോള്‍ട്ടും ഇപ്പോഴും കാവലുണ്ട്. സ്ഥിതിഗതികള്‍ പരിശോധിക്കാനും പഠിക്കാനും എത്തിയ സിപിഐ നേതാക്കളെയും ജനപ്രതിനിധികളെയും ഇവര്‍ തടഞ്ഞ സംഭവം ഉണ്ടായി. അവിടെ അധിവസിക്കുന്നവരെല്ലാം ഭീതിയോടെയാണ് നാളുകള്‍ തള്ളിനീക്കുന്നത്.

വായനയും ചിന്തയും ജീവിതശീലമാക്കിയവര്‍ കേരളത്തിലെ പൊലീസിനെ ഭയക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിക്കൂടാ. വായനാമുറിയിലെ പുസ്തകങ്ങളുടെ പേരില്‍ തീവ്രവാദിയും ഭീകരണ്ടവാണ്ടദിയുമായി കരിനിയമം ചാര്‍ത്തുന്നത് ന്യായീകരിക്കാനാവില്ല. എന്റെ സത്യാന്വേഷണ പരീക്ഷണം വായിക്കുന്ന തീവ്ര മാവോയിസ്റ്റിനെ ഗാന്ധിയനായി കാണുന്നതിലും അര്‍ഥമില്ല.'- എഡിറ്റോറിയിലില്‍ പറയുന്നു.

'ആരാണ് മനുഷ്യരെ വെടിവച്ചുകൊല്ലാനും ലഘുലേഖയുടെ പേരില്‍ അറസ്റ്റിനും കരിനിയമം ചുമത്തി തുറുങ്കിലടപ്പിക്കാനും പൊലീസിന് അധികാരം നല്‍കിയതെന്ന സംശയം സര്‍ക്കാരിന് മുന്നില്‍ ചൂണ്ടുവിരലായി നിന്നുകൂടാ. സംഭവത്തില്‍ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടിയിട്ടുണ്ട്. കരിനിയമം ചുമത്തപ്പെട്ടതിന്റെ നിയമസാധുത സംസ്ഥാന സര്‍ക്കാരും പരിശോധിക്കും. പക്ഷെ വിഷയത്തെ രാഷ്ട്രീയമായി സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ അവസരമൊരുക്കിക്കൂടാ. അതിന് പൊലീസ് ഉദ്യോഗസ്ഥരുടെ നിഗൂഢമായ നീക്കങ്ങളെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു.'-  സിപിഐ മുഖപത്രം പറയുന്നു.

'പന്തീരാങ്കാവ് പൊലീസിന്റെ നടപടി സംസ്ഥാന സര്‍ക്കാരിനെ തന്നെ ആശയക്കുഴപ്പത്തിലെത്തിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് ഭരണകൂടമാണെന്ന ബോധ്യം പൊലീസ് ഉദ്യോഗസ്ഥരില്‍ ഇല്ലാതെപോയിരിക്കുന്നു. ഇത് യുഎപിഎയുടെ കാര്യത്തില്‍ മാത്രമല്ലെന്നത് സംശയകരവുമാണ്. എന്തടിസ്ഥാനത്തിലാണ് ആശയപ്രചാരണം നടത്തിയെന്നതിന്റെ പേരില്‍ യുഎപിഎ ചുമത്തിയതെന്ന ചോദ്യത്തിന് പൊലീസ് മറുപടി നല്‍കുന്നില്ല. കാട്ടിലുള്ളവരുടെ നാട്ടിലെ കണ്ണികളാണിവരെന്ന് അറസ്റ്റിലായവരെക്കുറിച്ച് പൊലീസ് ആരോപിക്കുന്നതിന്റെ പിന്നിലെ തെളിവെന്താണ്.

ഒരു ലഘുലേഖയുടെ പശ്ചാത്തലത്തില്‍ ഈ വിദ്യാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പൊലീസ് ആവര്‍ത്തിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം ദുരൂഹമാണ്. വസ്തുതാപരമായ യാതൊരു അന്വേഷണവും ഇക്കാര്യത്തില്‍ നടന്നിട്ടെല്ലെന്നത് പകല്‍ പോലെ സത്യവുമാണ്. അതുകൊണ്ടുതന്നെയാണ് എന്ത് മാനദണ്ഡമനുസരിച്ചാണ് ഈയൊരു അറസ്റ്റ് എന്ന ചോദ്യത്തിന് വിശദീകരണമില്ലാത്തത്.'- പത്രം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com