'മേയര്‍ ബ്രോ'യ്ക്ക് പിന്‍ഗാമി ; കെ ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍

യുഡിഎഫ് സ്ഥാനാര്‍ഥി ഡി അനില്‍കുമാറിനേയും ബിജെപി സ്ഥാനാര്‍ഥി എം ആര്‍ ഗോപനേയുമാണ് തോല്‍പ്പിച്ചത്
'മേയര്‍ ബ്രോ'യ്ക്ക് പിന്‍ഗാമി ; കെ ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍

തിരുവനന്തപുരം : സിപിഎം കൗണ്‍സിലര്‍ കെ ശ്രീകുമാര്‍ തിരുവനന്തപുരം നഗരസഭ മേയര്‍. ഇന്നു നടന്ന മേയര്‍ തെരഞ്ഞെടുപ്പിലാണ് ശ്രീകുമാറിനെ തെരഞ്ഞെടുത്തത്. ചാക്കയില്‍ നിന്നുള്ള കൗണ്‍സിലറാണ് ശ്രീകുമാര്‍. സിപിഎം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗമാണ് കെ ശ്രീകുമാര്‍.

രാവിലെ  കൗണ്‍സില്‍ ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പേട്ട കൗണ്‍സിലര്‍ ഡി അനില്‍കുമാറിനേയും ബിജെപി സ്ഥാനാര്‍ഥി  നേമം കൗണ്‍സിലര്‍ എം ആര്‍ ഗോപനേയുമാണ് തോല്‍പ്പിച്ചത്. മൂന്നു സ്ഥാനാര്‍ഥികള്‍ വന്നതിനാല്‍ രണ്ടു റൗണ്ടായിരുന്നു വോട്ടെടുപ്പ്. ആദ്യവട്ട വോട്ടെടുപ്പില്‍ ഏറ്റവും കുറഞ്ഞ വോട്ടുകിട്ടിയ യുഡിഎഫ് സ്ഥാനാര്‍ഥി ഡി അനില്‍കുമാര്‍ പുറത്തായി.

ആദ്യ റൗണ്ടില്‍ ആകെ 99 പേര്‍ വോട്ടുചെയ്തതില്‍ കെ ശ്രീകുമാറിന് 42 വോട്ടും എം ആര്‍ ഗോപന് 35 വോട്ടും ഡി അനില്‍കുമാറിനു 20 വോട്ടും ലഭിച്ചു.  മൂന്ന് വോട്ട് അസാധുവായി. പിന്നീട് നടന്ന രണ്ടാം റൗണ്ടില്‍ കെ ശ്രീകുമാറും  ബിജെപി യിലെ എം ആര്‍ ഗോപനും  തമ്മിലായി മത്സരം. രണ്ടാം റൗണ്ടില്‍ ശ്രീകുമാറിന് 42 വോട്ടും എം ആര്‍ ഗോപന് 34 വോട്ടും കിട്ടി. തുടര്‍ന്ന് ശ്രീകുമാറിനെ വിജയിയായി പ്രഖ്യാപിച്ചു.

മേയറായിരുന്ന വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ചതോടെ കോര്‍പ്പറേഷന്‍ മേയര്‍ പദവിയും കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചിരുന്നു. ഇതോടെയാണ് നഗരസഭയില്‍ മേയര്‍ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.  100 അംഗങ്ങളുള്ള കോര്‍പറേഷനിലെ  കക്ഷിനില: എല്‍ഡിഎഫ്-43, ബിജെപി-35, യുഡിഎഫ് -21, സ്വതന്ത്രന്‍-ഒന്ന് എന്നിങ്ങനെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com