എല്‍ഡിഎഫിലേക്ക് വന്നത് ഒരു പാര്‍ട്ടിയുടെയും അടിമയായല്ല; ആരുടെയും സൗജന്യത്തിലല്ല സിപിഐ വളര്‍ന്നത്: കാനം രാജേന്ദ്രന്‍

എല്‍ഡിഎഫ് രൂപീകരിച്ച് അതിനോടൊപ്പം ചേര്‍ന്നപ്പോള്‍ മറ്റേതെങ്കിലും കക്ഷിയുടെ അടിമയാവുകയല്ല സിപിഐ ചെയ്തതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം
കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം

കൊച്ചി: എല്‍ഡിഎഫ് രൂപീകരിച്ച് അതിനോടൊപ്പം ചേര്‍ന്നപ്പോള്‍ മറ്റേതെങ്കിലും കക്ഷിയുടെ അടിമയാവുകയല്ല സിപിഐ ചെയ്തതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മറ്റേതെങ്കിലും പാര്‍ട്ടിയുടെ സൗജന്യത്തിലല്ല ഇക്കാലമത്രയും സിപിഐ വളര്‍ന്നിട്ടുള്ളത്. 1964-ലെ നിര്‍ഭാഗ്യകരമായ പിളര്‍പ്പിനുശേഷം പാര്‍ട്ടിയുടെ സ്വതന്ത്രമായ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചും ജനങ്ങള്‍ക്കുള്ള അഭിപ്രായത്തിന്റേയും അടിസ്ഥാനത്തിലാണ് ഞങ്ങള്‍ മുന്നോട്ടു പോയിട്ടുള്ളത്. 1980-ല്‍ ഈ മുന്നണി രൂപീകരിച്ച് അതിനോടൊപ്പം ചേരുമ്പോള്‍ മുന്നണിയിലെ മറ്റേതെങ്കിലും കക്ഷിക്ക് അടിമയാവുകയല്ല ചെയ്തതെന്ന് സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാനം പറഞ്ഞു.

സര്‍ക്കാര്‍ ചെയ്യുന്ന പരിപാടിക്ക് പുറത്തുള്ള കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് യോജിപ്പുണ്ടാകണമെന്നോ അങ്ങനെ യോജിച്ചു നിന്നാലേ ഞങ്ങളുടെ സംഘടന വളരുകയുള്ളൂ എന്നോ ഒരു ധാരണയും ഞങ്ങള്‍ക്കില്ല. ഫൈറ്റ് ചെയ്തുതന്നെയാണ് കേരളത്തില്‍ പാര്‍ട്ടി ഇപ്പോള്‍ നില്‍ക്കുന്നത്, നാളെയും അങ്ങനെയേ നില്‍ക്കുകയുള്ളു. യഥാര്‍ത്ഥ ഇടതുപക്ഷ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന പാര്‍ട്ടി എന്ന ജനങ്ങളുടെ അംഗീകാരം മാത്രമേ സിപിഐയെ ശക്തിപ്പെടുത്തുകയുള്ളു എന്നു കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നില്‍ക്കുകയും ബിജെപിക്ക് എതിരായി ബദല്‍ ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്യേണ്ടതിന്റേയും ആവശ്യകത ബോധ്യപ്പെട്ടിട്ടാണ് ഞങ്ങള്‍ ഈ മുന്നണിയില്‍ നില്‍ക്കുന്നത്. അതില്‍നിന്നു വ്യത്യസ്തമായ നിലപാടുകള്‍ ഉണ്ടാകുമ്പോള്‍ അതു തുറന്നുപറയുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്.  അതുകൊണ്ടാണ് രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അങ്ങനെ പറയുന്നത്.

ഭരണത്തിലെ മറ്റേതെങ്കിലും പ്രശ്‌നത്തെക്കുറിച്ച് ഇതുപോലെ പറയാറില്ല. ഞങ്ങള്‍ക്ക് ഏതെങ്കിലും പരിഗണന കിട്ടിയില്ലെന്നോ മറ്റോ പരസ്യമായി പറയാറില്ല. അതൊക്കെ മുന്നണിക്കകത്താണ് പറയുന്നത്. പക്ഷേ, രാഷ്ട്രീയ കാര്യങ്ങള്‍ സിപിഐയും സിപിഎമ്മും ചര്‍ച്ച ചെയ്യുകതന്നെ വേണം. ചിലപ്പോള്‍ മുന്നണിക്കകത്ത് ചര്‍ച്ച ചെയ്യും. അതു പോരാ എന്നു തോന്നുകയാണെങ്കില്‍ പുറത്തും ചര്‍ച്ച ചെയ്യും.  നിരവധി വിഷയങ്ങളില്‍ മുന്നണിക്കകത്ത് ഞങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അതു പൊതുവില്‍ ഒരു ചര്‍ച്ചയാക്കി കൊണ്ടുവരേണ്ടതില്ല. ആ നിലപാടുകളില്‍ പലതിലേക്കും പിന്നീട് സിപിഎം വന്ന അനുഭവങ്ങളുമുണ്ട്.

ഞങ്ങള്‍ ശരിയുടെ ഭാഗത്താണ് നില്‍ക്കുന്നത്. ഞങ്ങളുടെ രാഷ്ട്രീയം കൊണ്ടാണ് ഈ മുന്നണിയില്‍ നില്‍ക്കുന്നത്. അതിനു വിരുദ്ധമായ നടപടികള്‍ ഉണ്ടായാല്‍ അത് ഇടതുപക്ഷ രാഷ്ട്രീയത്തെ ദുര്‍ബ്ബലപ്പെടുത്തും. ആദ്യം മുതല്‍, ഈ സര്‍ക്കാര്‍ വന്നതുമുതല്‍ ഞങ്ങള്‍ പറയുന്നത് യുഎപിഎ നടപ്പാക്കാന്‍ പാടില്ല എന്നാണ്. യുഡിഎഫ് സര്‍ക്കാര്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ ഈ നിയമം പ്രയോഗിച്ചപ്പോഴും ഞങ്ങള്‍ അതിനെ എതിര്‍ത്തിരുന്നു.- അദ്ദേഹം പറഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിമുഖത്തിന്റെ പൂര്‍ണരൂരം ഈ ലക്കം സമകാലിക മലയാളം വാരികയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com