അബദ്ധം പറ്റി, പ്രശാന്തും മുഖ്യമന്ത്രിയുമുള്ള ചിത്രം പങ്കുവച്ചത് അഡ്മിൻ; അഭിനന്ദന പോസ്റ്റ് പിൻവലിച്ച് തുഷാർ  

അബദ്ധം പറ്റി, പ്രശാന്തും മുഖ്യമന്ത്രിയുമുള്ള ചിത്രം പങ്കുവച്ചത് അഡ്മിൻ; അഭിനന്ദന പോസ്റ്റ് പിൻവലിച്ച് തുഷാർ  

ബിഡിജെഎസ് എന്നും എന്‍ഡിഎ മുന്നണിയുടെ അവിഭാജ്യ ഘടകമാണെന്നും അതില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും തുഷാർ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ  മുഖ്യമന്ത്രി പിണറായി വിജയനെയും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വിജയി വികെ പ്രശാന്തിനെയും അഭിനന്ദിച്ച് ഫേസ്​ബുക്കിൽ പങ്കുവച്ച കുറിപ്പ് പിൻവലിച്ച് ബിഡിജെഎസ് നേതാവ്  തുഷാർ വെള്ളാപ്പള്ളി. തന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് പോസ്റ്റ് ഇട്ടതെന്നും അതൊരു പിഴവായിരുന്നെന്നും തുഷാർ വ്യക്തമാക്കി. 

അശ്രദ്ധമായി പേജ് കൈകാര്യം ചെയ്തതിന് ക്ഷമ ചോദിച്ച അദ്ദേഹം ബിഡിജെഎസ് എന്നും എന്‍ഡിഎ മുന്നണിയുടെ അവിഭാജ്യ ഘടകമാണെന്നും അതില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും കുറിച്ചു. കോന്നിയിലുള്‍പ്പെടെ എന്‍ഡിഎയ്ക്കുണ്ടായ വോട്ട് വര്‍ദ്ധനവ് ശുഭസൂചന തന്നെയാണെന്നും വരും തെരഞ്ഞെടുപ്പുകളില്‍ ഇപ്പോഴത്തെ കഷ്ടപ്പാടിനുള്ള ഫലം ലഭിക്കുമെന്നും തുഷാർ കുറിപ്പിൽ പറയുന്നു. 

"പിന്നോക്കക്കാരനായ മുഖ്യമന്ത്രിയും മുന്നോക്ക ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പിന്നോക്കക്കാരനും ഒരുമിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന ഈ കാഴ്ച കേരളത്തില്‍ അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ്", എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ തുഷാറിന്റെ പേജിൽ വന്ന കുറിപ്പ്. ഫേസ്ബുക്ക് പേജ് അഡ്മിൻ കിരൺ ചന്ദ്രനും സംഭവത്തിൽ വിശദീകരണക്കുറിപ്പ് എഴുതിയിട്ടുണ്ട്. 

തുഷാർ ഫേസ്ബുക്കിൽ കുറിച്ച വിശദീകരണ കുറിപ്പ്

പ്രിയ സഹോദരങ്ങളെ എന്‍റെ ഫെയ്സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഒരു അഡ്മിന്‍ പാനലാണ്.അതിലൊരു സഹോദരന്‍ കിരണ്‍ ചന്ദ്രന്‍ അദ്ദേഹത്തിന്‍റെ ഫോണില്‍ നിന്നും അബദ്ധവശാല്‍ എന്‍റെ ഫെയ്സ്ബുക്കിലേക്ക് വന്ന ഒരു പോസ്റ്റ് എനിക്കും എന്‍റെ സഹപ്രവര്‍ത്തകര്‍ക്കും ഒരുപോലെ വേദനയുളവാക്കുന്നതായിരുന്നു.അശ്രദ്ധയായി പേജ് കൈകാര്യം ചെയ്തതിലുള്ള പിഴവിന് ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.

അനാവശ്യ തെറ്റിദ്ധാരണകള്‍ക്ക് കാരണമായ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.എന്‍.ഡി.എ മുന്നണിയുടെ അവിഭാജ്യ ഘടകമാണ് എന്നും ബി.ഡി.ജെ.എസ്.അതില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.കോന്നിയിലുള്‍പ്പെടെ എന്‍.ഡി.എ യ്ക്കുണ്ടായ വോട്ട് വര്‍ദ്ധനവ് ശുഭസൂചന തന്നെയാണ്.വരും തെരഞ്ഞെടുപ്പുകളില്‍ ഇപ്പോഴത്തെ കഷ്ടപ്പാടിനുള്ള ഫലം ലഭിക്കുക തന്നെ ചെയ്യും.നമുക്ക് ഒരുമിച്ച് ശക്തമായി മുന്നോട്ട് പോകാം.

തുഷാര്‍ വെള്ളാപ്പള്ളി

തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജ് അഡ്മിൻ കിരണ്‍ ചന്ദ്രന്‍റെ പോസ്റ്റ്

എല്ലാവരും ദയവായി ക്ഷമിക്കുക..

പ്രിയ സഹോദരങ്ങളെ

ഞാന്‍ കിരണ്‍ ചന്ദ്രന്‍.ശ്രീ തുഷാര്‍ വെള്ളാപ്പള്ളിയുടെ ഒഫിഷ്യല്‍ ഫെയ്സ്ബുക്ക് പേജ്(Thushar Vellappally) കഴിഞ്ഞ രണ്ടാഴ്ചയായി ഞാനാണ് അഡ്മിനായി കൈകാര്യം ചെയ്തിരുന്നത്.ആ പേജ് ഇന്ന് software update ചെയ്ത ശേഷം settingsല്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു.എന്‍റെ അശ്രദ്ധകാരണം അബദ്ധവശാല്‍ അദ്ദേഹത്തിന്‍റെ പേജില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും വട്ടിയൂര്‍ക്കാവ് വിജയിച്ച സ്ഥാനാര്‍ത്ഥി ശ്രീ പ്രശാന്തുമായി നില്‍ക്കുന്ന ഒരു ഫോട്ടോ ഫെയ്സ്ബുക്ക് പോസ്റ്റായി വന്നു.അബദ്ധം പറ്റിയെന്ന് മനസ്സിലായ ഉടനെ പ്രസ്തുത പോസ്റ്റ് റിമൂവ് ചെയ്തെങ്കിലും,അതിലൂടെ എന്‍റെ നേതാവ് ശ്രീ തുഷാര്‍ വെള്ളാപ്പള്ളിക്കും ബി.ഡി.ജെ.എസിനും ഉണ്ടായ വിഷമവും ആഘാതവും ഒരു ക്ഷമാപണത്തില്‍ തീരുന്നതല്ലായെന്ന് അറിയാം.അദ്ദേഹത്തിന്‍റേയോ പാര്‍ട്ടിയുടേയോ നിലപാടിന് വിരുദ്ധമായ ആ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ശ്രീ തുഷാര്‍വെള്ളാപ്പള്ളിയോടും, ബി.ഡി.ജെ.എസിനോടും,മുഴുവന്‍ പ്രവര്‍ത്തകരോടും,അഭ്യൂദയകാംക്ഷികളോടും ഞാന്‍ നിരുപാധികം മാപ്പ് അഭ്യര്‍ത്ഥിക്കുന്നു.എന്‍.ഡി.എ മുന്നണിയില്‍ തുടക്കം മുതല്‍ ഉറച്ചുനില്‍ക്കുന്ന ബി.ഡി.ജെ.എസിന് ആ നിലപാടില്‍ ഇതുവരേയും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.മാനുഷിക പരിഗണന നല്‍കി അറിയാതെ എനിക്ക് പറ്റിപ്പോയ അബദ്ധത്തിന് എല്ലാവരും സദയം ക്ഷമിക്കണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.

Kiran Chandran

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com