റേവ് പാര്‍ട്ടികള്‍ക്ക് 'ചൈനവൈറ്റ്' എത്തിക്കുന്നത് ബംഗ്ലാദേശില്‍ നിന്ന് ; ലഹരികടത്ത് പോത്തുകള്‍ വഴി ; ഞെട്ടിക്കുന്ന വിവരങ്ങള്‍

ബംഗാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന ജലംഗി കേന്ദ്രീകരിച്ചാണ് കോടികളുടെ ലഹരിക്കടത്ത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കേരളത്തിലെ ലഹരിമാഫിയയുടെ റേവ് പാര്‍ട്ടികള്‍ക്കായി മയക്കുമരുന്ന് എത്തിക്കുന്നത് ബംഗ്ലാദേശില്‍ നിന്ന്. പോത്തുകളെ ഉപയോഗിച്ചാണ് ഇടനിലക്കാര്‍ മാരക രാസലഹരി ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കടത്തുന്നതെന്നും കേരളത്തിലെ എക്‌സൈസിന് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം ആലുവയില്‍, ചൈനാ വൈറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹെറോയിനുമായി പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഇംദാദുല്‍ ബിശ്വാസ് എന്നയാളെ എക്‌സൈസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ എക്‌സൈസിന് ലഭിച്ചത്.

ബംഗാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന ജലംഗി കേന്ദ്രീകരിച്ചാണ് കോടികളുടെ ലഹരിക്കടത്ത്. ബ്രഹ്മപുത്രയുടെ കൈവഴിയായ പത്മ നദീതീര ഗ്രാമമാണ് ജലംഗി. പത്മാ നദിക്ക് അക്കരെ ബംഗ്ലാദേശാണ്. കാലി മേയ്ക്കാനെന്ന വ്യാജേന ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും പോത്തുകളെ ബംഗ്ലാദേശില്‍ എത്തിക്കും. ഈ പോത്തുകളുടെ ദേഹത്ത് ലഹരി പൊതികള്‍ പതിപ്പിച്ച് വൈകിട്ട് തിരികെ കൊണ്ടുവരികയാണ് ചെയ്യുന്നത്. പ്രതിദിനം ആയിരത്തിലധികം പോത്തുകളെയാണ് ഇത്തരത്തില്‍ ലഹരി കടത്തിന് ഉപയോഗിക്കുന്നത്. രാത്രിയായതിനാല്‍ പെട്ടെന്ന് തിരിച്ചറിയാനും കഴിയില്ല. ഇങ്ങനെ കടത്തുന്ന ലഹരിവസ്തുക്കളാണ് കേരളത്തിലേക്ക് ഉള്‍പ്പെടെ എത്തിക്കുന്നത്.

അന്താരാഷ്ട്ര ലഹരി മാര്‍ക്കറ്റില്‍ കോടികള്‍ വിലമതിക്കുന്ന രാസലഹരികള്‍ക്ക് ബംഗ്ലാദേശില്‍ തുച്ഛമായ വിലയാണുള്ളത്. പോത്തുകളെ ഉപയോഗിച്ച് കടത്തിക്കൊണ്ടുവരുന്ന ലഹരി മരുന്നുകള്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റും. പിന്നീട് ലഹരി സംഘത്തിലുള്ള കെമിസ്റ്റുകള്‍ ഇവ വീര്യത്തിന്റെ അനുപാതത്തില്‍ തരം തിരിക്കും. തുടര്‍ന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളായ ഇടനിലക്കാര്‍ വഴി ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കും. പ്രധാനമായും റേവ് പാര്‍ട്ടികള്‍ നടത്തുന്ന ഇടപടുകാര്‍ക്കാണ് ലഹരി കൈമാറുന്നത്.

ആലുവയില്‍ നിന്നും പിടികൂടിയ ഇംദാദുല്‍ ബിശ്വാസില്‍ നിന്നും 6 ഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. 2 മില്ലി ഗ്രാം ഹെറോയിന്‍ അടങ്ങുന്ന പാക്കറ്റ് 2000 രൂപ നിരക്കില്‍ ആലുവ, മാറമ്പിള്ളി ഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്പന നടത്തി വന്നിരുന്നതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. അടിവസ്ത്രത്തില്‍ പ്രത്യേക അറ തയാറാക്കിയാണ് ലഹരി കടത്തിയിരുന്നതെന്നും ഇയാള്‍ മൊഴി നല്‍കി.

ഇംദാദുല്‍ ബിശ്വാസില്‍ നിന്നും ചൈന വൈറ്റ് എന്ന മയക്കുമരുന്നാണ് പിടികൂടിയത്. വീര്യം കൂടിയ ഹെറോയിനാണ് ചൈനാ വൈറ്റ്. ഒരു നുള്ള് ഉപയോഗിച്ചാല്‍ 48 മണിക്കൂര്‍ വരെ ലഹരി നീണ്ടു നില്‍ക്കും. ഗ്രാം നിരക്കിലാണ് ചൈനാ വൈറ്റ് വില്പന. ചൈനാ വൈറ്റിന്റെ ഉപയോഗം രോഗ പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുന്നതിനൊപ്പം ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. തലച്ചോറിലേക്കുള്ള രക്തയോട്ടം തടസപ്പെടാനും മരണം തന്നെ സംഭവിക്കാനും ഇവ ഇടയാക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇത് അഞ്ചു ഗ്രാം മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com