തടവുകാർക്ക് ഇനി ബുഫേയും കോഫി മെഷീനും, ആരോഗ്യം സംരക്ഷിക്കാൻ യോഗ; ജയിലുകളിൽ വോളിബോൾ, ഷട്ടിൽ കോർട്ടുകളും വരും

ജയിലിൽ കോഫി-ടീ വെൻഡിങ് മെഷീൻ സ്ഥാപിക്കാനും തീരുമാനമുണ്ട്
തടവുകാർക്ക് ഇനി ബുഫേയും കോഫി മെഷീനും, ആരോഗ്യം സംരക്ഷിക്കാൻ യോഗ; ജയിലുകളിൽ വോളിബോൾ, ഷട്ടിൽ കോർട്ടുകളും വരും

കണ്ണൂർ ‍: തടവുകാർക്ക് മാനസിക-ശാരീരിക ആരോ​ഗ്യത്തിനായി ജയിലിൽ യോഗാ പരിശീലനം നൽകണമെന്ന് നിർദേശം. ആഴ്ചയിൽ അഞ്ചുദിവസവും യോഗാ പരിശീലനം നൽകണമെന്നാണ് നിർദേശം. ജയിൽ ഡിജിപി ഋഷിരാജ്‌സിങ്ങിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ചേർന്ന ജയിൽ സൂപ്രണ്ടുമാരുടെ യോഗത്തിലാണ് തീരുമാനം. എല്ലാ ജയിലുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും യോ​ഗത്തിൽ തീരുമാനമെടുത്തു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജയിലുകളിലായിരിക്കും ആദ്യം സ്ഥാപിക്കുക. 

സിസിടിവി സംവിധാനമുൾപ്പടെ അഞ്ചരക്കോടിയുടെ സുരക്ഷാ ഉപകരണങ്ങൾ വാങ്ങാനാണ് തീരുമാനം. ജയിലിൽ കോഫി-ടീ വെൻഡിങ് മെഷീൻ സ്ഥാപിക്കാനും തീരുമാനമുണ്ട്. ഭക്ഷണം പാഴാക്കുന്നത് തടയാൻ ബുഫെ സംവിധാനം കൊണ്ടുവരണമെന്ന നിർദേശവും യോ​ഗത്തിൽ ഉയർന്നു. എറണാകുളം ജയിലിൽ റിമാൻഡ് പ്രതികൾക്ക് യൂണിഫോം ഏർപ്പെടുത്തിയത് മറ്റു ജയിലുകളിലേക്കും വ്യാപിപ്പിക്കും.

ജയിലുകളിൽ വോളിബോൾ, ഷട്ടിൽ കോർട്ടുകൾ സ്ഥാപിക്കുക, എല്ലാ സെല്ലുകളിലും ഫാൻ സ്ഥാപിക്കുക, തടവുകാരുടെ വീട്ടിൽനിന്നു കൊണ്ടുവരുന്ന സാധനങ്ങൾ പരിശോധിച്ച് കഴിയാവുന്നവ നൽകുക, തടവുകാരുടെ പരാതികൾ കൃത്യമായി പരിശോധിക്കുക, കോടതിയിലേക്കും മറ്റുമുള്ള യാത്രയിൽ തടവുകാർക്ക്‌ പോലീസ് എസ്കോർട്ട് ലഭിക്കാത്ത സാഹചര്യം ഇല്ലാതാക്കുക, കരനെൽകൃഷി തുടങ്ങുക, ജയിലിൽ ഹൃസ്വകാല കോഴ്‌സുകൾ തുടങ്ങിയ കാര്യങ്ങളിലും തീരുമാനമായി. തടവുകാരിൽ കൂടിവരുന്ന ആത്മഹത്യാപ്രവണത തടയുന്നതിന് കൗൺസലിങ് നടത്താനും നിർദേശമുയർന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com